2005-ൽ പോർച്ചുഗീസുകാരനായ പൗളോ മഗൾയായീസ് തുടക്കമിട്ട ഒരു വിനോദാത്മക പോസ്റ്റൽ പ്രൊജക്റ്റാണ് പോസ്റ്റ്‌ക്രോസ്സിങ് (Postcrossing). ലോകത്തെവിടെ നിന്നും എവിടേക്കും പോസ്റ്റുകാർഡുകൾ അയക്കാനും സ്വീകരിക്കാനും സഹായിക്കുക എന്നതാണ് ഈ പ്രൊജക്റ്റിൻ്റെ ലക്ഷ്യം.
ലോകത്തിലെ 209 രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 800,000+ അംഗങ്ങൾ പോസ്റ്റ്‌ക്രോസ്സിങിൻ്റെ ഭാഗമാണ്. കേരളത്തിൽ നിന്ന് 350+ അംഗങ്ങൾ നിലവിലുണ്ട്.
എങ്ങനെ പങ്കാളിയാകാം?
തികച്ചും സൗജന്യമായി ആർക്കും ഇതിൽ അംഗത്വമെടുക്കാം.
- പോസ്റ്റ്‌ക്രോസ്സിങിൻ്റെ വെബസൈറ്റിൽ കയറി Sign up ചെയ്യുക. വിലാസം തെറ്റുകൂടാതെ കൊടുക്കുക. നമ്മുടെ വിലാസം പോസ്റ്റ്‌ക്രോസ്സിങ് നിശ്ചയിക്കുന്ന ആളിന് മാത്രമേ ലഭിക്കുകയൊള്ളൂ.
- പോസ്റ്റുകാർഡ് അയക്കുവാനായി നമ്മൾ Send a postcard-ൽ ക്ലിക്ക് ചെയ്യുമ്പോൾ പോസ്റ്റ്‌ക്രോസ്സിങ് നമുക്കൊരു വിലാസം തിരഞ്ഞെടുത്ത് തരുന്നു. അതിൻ്റെയൊപ്പം ഒരു ഐഡിയും (ID) ഉണ്ടാവും. പോസ്റ്റുകാര്‍ഡ് അയക്കുമ്പോള്‍ ഈ ഐഡിയും നമ്മള്‍ അതില്‍ ചേർക്കണം.
- നമ്മൾ ഒരു കാർഡ് അയക്കുമ്പോൾ, അതേ സമയം നമ്മുടെ വിലാസം പോസ്റ്റ്‌ക്രോസ്സിങ് ലോകത്തെവിടെയോ ഉള്ള മറ്റൊരാൾക്കും കൊടുക്കുന്നു. ഒരു ഭാഗത്ത് ചിത്രമുള്ള പിക്ചർ പോസ്റ്റുകാർഡാണ് ഉപയോഗിക്കേണ്ടത്.
- നമുക്കൊരു പോസ്റ്റുകാര്‍ഡ് ലഭിച്ചാല്‍ എത്രയും പെട്ടന്ന് തന്നെ അതിലുള്ള ഐഡി വെച്ച് Register ചെയ്യുക. കാര്‍ഡ് ലഭിച്ചു എന്ന് അയച്ച ആളിനെ അറിയിക്കുവാനാണിത്.
പോസ്റ്റ്‌ക്രോസിങിനെപ്പറ്റി ആകാശവാണി മഞ്ചേരി എഫ്. എമ്മിലെ സൈബർ ജാലകം എന്ന പരിപാടിയിൽ പറയുന്നത് കേൾക്കൂ!
പിക്ചർ പോസ്റ്റുകാർഡ് എവിടെനിന്ന് ലഭിക്കും?
കേരളത്തിൽ തപാൽ ഓഫീസുകളിൽ നിന്ന് പിക്ചർ പോസ്റ്റുകാർഡ് ലഭിക്കാനുള്ള സാധ്യത കുറവാണ്. വിലാസമെഴുതുന്ന ഭാഗത്ത് പരസ്യമുള്ള മേഘദൂത് (Meghdoot) പോസ്റ്റുകാർഡ് ചിലപ്പോൾ കിട്ടിയേക്കും. സാധാരണഗതിയിൽ പിക്ചർ പോസ്റ്റുകാർഡ് ലഭിക്കുന്നത് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ അടുത്തുള്ള ഗിഫ്റ്റ് ഷോപ്പുകളിലും ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലുമാണ്. കേരളത്തിൽ പിക്ചർ പോസ്റ്റുകാർഡുകൾ ലഭിക്കുന്ന കടകളുടെ ഒരു പട്ടിക ഇവിടെ ലഭിക്കും.
ഓൺലൈനിൽ വാങ്ങാനാണ് താത്പര്യമെങ്കിൽ ആമസോൺ ആണ് മികച്ച ഓപ്ഷൻ. ആമസോണിൽ 100 postcards എന്ന് തിരഞ്ഞാൽ 100 പോസ്റ്റുകാർഡുകൾ അടങ്ങിയ സെറ്റുകൾ നിരവധി ലഭിക്കും. താരതമ്യേന ഇത് വില കൊണ്ടും ലാഭമായിരിക്കും.
മറ്റൊരു ഓപ്ഷനുള്ളത് സ്വന്തമായി പോസ്റ്റുകാർഡ് പ്രിന്റ് ചെയ്യുക എന്നതാണ്. നിങ്ങളുടെ അടുത്തുള്ള പ്രിന്റിങ് പ്രസ്സിൽ പോയി 6×4″ സൈസിൽ കുറഞ്ഞത് 350 gsm കട്ടിയുള്ള പേപ്പറിൽ പ്രിന്റ് ചെയ്യുമോ എന്ന് അന്വേഷിക്കുക. ചെയ്യുമെങ്കിൽ അവരെക്കൊണ്ട് ഡിസൈൻ ചെയ്ത് പ്രിന്റ് ചെയ്യുക. ഗൂഗിൾ ചെയ്താൽ പോസ്റ്റുകാർഡ് ടെമ്പ്ലേറ്റുകൾ നിരവധി ലഭിക്കും. അതുപയോഗിക്കാം. ഇനി അതും ഓൺലൈനിൽ പ്രിന്റ് ചെയ്ത് കിട്ടുവാനാണ് താത്പര്യമെങ്കിൽ വിസ്റ്റാപ്രിൻ്റ് (Vistaprint) നല്ലൊരു ഓപ്ഷ്നാണ്. അവരുടെ വെബ്സൈറ്റിൽ നമുക്ക് പോസ്റ്റുകാർഡ് ഡിസൈൻ ചെയ്ത് ഓർഡർ കൊടുക്കാം. അവർ പോസ്റ്റ്കാർഡ് പ്രിന്റ് ചെയ്ത് സൗജന്യമായി നിങ്ങളുടെ വിലാസത്തിലേക്ക് അയച്ചുതരും.
ഞാൻ ഇങ്ങനെ വിസ്റ്റാപ്രിന്റ് വഴി പ്രിന്റ് ചെയ്ത കാർഡുകളുടെ അൺബോക്സിങ് ഇവിടെ കാണാം:
നിങ്ങൾ ഒരിക്കലെങ്കിലും പോസ്റ്റുകാർഡ് അയച്ചിട്ടുണ്ടോ? താഴെ കമന്റ് ചെയ്യൂ.
വളരെ നല്ല ആശയം… എനിക്കും ഇതിൽ ഒരു പങ്കാളി ആവണം. കേരളത്തിൽ ഇത് ഒരു ട്രെൻഡ് ആയി മാറണം
വളരെ രസകരമായ ഒരു ട്രെൻഡ് ആകും
കേരളത്തിൽ ഇത് ചെയ്യുന്നവർ ഉണ്ടോ ?
ഉണ്ടല്ലോ. പോസ്റ്റിൽ പരാമർശിച്ചിരുന്നു.
ക്രിസ്തുമസ് കാർഡ് ഇതിൽ അയച്ചാൽ വളരെ ഉപകാരം ചെയ്യും
ക്രിസ്തുമസ് സമയത്ത് മാത്രമല്ല, എപ്പോൾ വേണമെങ്കിലും പോസ്റ്റുകാർഡ് അയക്കാം എന്നതാണ് ഈ ഹോബിയുടെ പ്രത്യേകത!
പണ്ട് ഇങ്ങനെ പോസ്റ്റ് കാർഡിൽ ആളുകൾ ക്രിസ്‌മസ് ആശംസകൾ അയക്കുന്നുണ്ടായിരുന്നു. പുറം രാജ്യങ്ങളിൽ ഇപ്പോഴും ഉണ്ട്
ആർട്ടിക്കിൾ വളരെ അധികം എനിക്ക് ഇഷ്ടപ്പെട്ടു
വീണ്ടും എഴുതുക
തീർച്ചയായും.