മുകളിലെ വീഡിയോയിൽ നിങ്ങൾ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്ന ഷോട്ടുകൾ ഏതെങ്കിലും ഒരു സിനിമയിലെയോ വീഡിയോ ഗെയ്മിലെയോ അല്ല. വെറുമൊരു വാക്യത്തിൽ നിന്നും AI സൃഷ്ടിച്ചെടുത്തതാണ്. OpenAI-യുടെ Sora-യാണ് ഇപ്പോൾ ടെക് ലോകത്തെ സംസാരവിഷയം. ഒരു ടെക്സ്റ്റ് പ്രോംപ്റ്റിൽ നിന്ന് റിയലിസ്റ്റിക് ആയിട്ടുള്ള, ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോസ് സൃഷ്ടിക്കുന്ന പുതിയ AI മോഡലാണ് സോറ. ഇതിൽ എന്താണ് ഇത്ര പ്രത്യേകത, മുൻപേ തന്നെ ഇതുപോലുള്ള മോഡലുകൾ വന്നിട്ടുണ്ടല്ലോ എന്നായിരിക്കും നിങ്ങളിൽ ചിലരെങ്കിലും ചിന്തിക്കുന്നത്. സോറയെ വ്യത്യസ്തമാക്കുന്നത്, അത് സൃഷ്ടിക്കുന്ന വീഡിയോസിന്റെ ക്വാളിറ്റിയും ദൈർഘ്യവും തന്നെയാണ്. 1 മിനിറ്റ് ദൈർഘ്യത്തിൽ ഇത്രയും ഹൈപ്പർ റിയലിസ്റ്റിക്കായി വീഡിയോ സൃഷ്ടിക്കുന്ന ആദ്യ AI മോഡൽ ഇതാണെന്ന് പറയപ്പെടുന്നു. തെറ്റാണെങ്കിൽ കമൻ്റിൽ തിരുത്താം. ഓരോ വിഷയങ്ങൾക്കും കൃത്യമായ detailing-ഉം ബാക്ക്ഗ്രൗണ്ടും നൽകി, അനേകം കഥാപാത്രങ്ങൾ ഉള്ള, പ്രത്യേകമായിട്ടുള്ള ക്യാമറ ആംഗിളോ, ആസ്പെറ്റ് റേഷ്യോയോ, മോഷൻസോ ഉൾപ്പെടുന്ന സങ്കീർണ്ണമായിട്ടുള്ള വീഡിയോസ് സൃഷ്ടിക്കാൻ സോറയ്ക്ക് സാധിക്കും. യൂസർ നൽകുന്ന ഇൻപുട്ട് മനസ്സിലാക്കുന്നതിനോടൊപ്പം അവ യഥാർത്ഥ ലോകത്ത് എങ്ങനെയാണ് നിലനിൽക്കുന്നത് എന്നുകൂടി തിരിച്ചറിഞ്ഞാണ് വീഡിയോ നിർമ്മിക്കപ്പെടുന്നത്. ഒരു വീഡിയോയിൽ തന്നെ ഒന്നിലധികം ഷോട്ടുകൾ സൃഷ്ടിക്കാനും, ഒരു സ്റ്റിൽ ഇമേജിനെ വീഡിയോയാക്കാനും, നിലവിലുള്ള വീഡിയോയെ extend ചെയ്യാനും സോറയ്ക്ക് സാധിക്കുമെന്നതും ഏറെ ശ്രദ്ധയാകർഷിക്കുന്നു. നിലവിൽ പബ്ലിക്കിനായി ലോഞ്ച് ചെയ്തിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട കുറച്ച് ക്രിയേറ്റീവ് പ്രൊഫഷണലുകൾക്കും വ്യക്തികൾക്കും മാത്രമാണ് ആക്സസുള്ളത്. ഈ മോഡലിനുള്ള പോരായ്മകൾ കമ്പനി തിരിച്ചറിഞ്ഞിട്ടുണ്ട്. അവ കൂടി പരിഹരിച്ച ശേഷമായിരിക്കും പബ്ലിക് ലോഞ്ച് ചെയ്യുക. ദുരുപയോഗം ചെയ്യപ്പെടാൻ ഏറെ സാധ്യതയുള്ളതിനാൽ അവയ്ക്കുള്ള മുൻകരുതൽ എടുത്തിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. OpenAI CEO, Sam Altman, X വഴി യൂസേഴ്സിൽ നിന്നും ടെക്സ്റ്റ് പ്രോംപ്റ്റുകൾ എടുത്ത് വീഡിയോ ജനറേറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്നുണ്ട്. നിങ്ങൾ X-ൽ ഉണ്ടെങ്കിൽ പുള്ളിയുടെ ആ പോസ്റ്റിൽ ചെന്ന് പ്രോംപ്റ്റ് കമന്റ് ചെയ്ത് നോക്കാം.
n.b. സോറയെക്കുറിച്ച് ഇതിനോടകം എല്ലാവരും അറിഞ്ഞിട്ടുണ്ടാകുമെന്നറിയാം. കുറച്ച് ലേറ്റായിട്ടാണ് ഇതിടുന്നതെന്നും അറിയാം. കുറച്ച് നാൾ മുൻപ് ഒരു വീഡിയോയ്ക്ക് വേണ്ടി തയ്യാറാക്കിയതായിരുന്നു. സമയം കിട്ടാത്തതിനാൽ അത് നടന്നില്ല, അങ്ങനെയാണത് ഈ രൂപത്തിൽ ബ്ലോഗ് പോസ്റ്റായി മാറിയത്!