വളരെക്കാലം മുമ്പ് ആധാറെടുക്കുകയും എന്നാലന്ന് അതിനുവേണ്ടി എൻറോൾമെന്റ് സെന്ററിൽ പറഞ്ഞുകൊടുത്ത മൊബൈൽ നമ്പർ ഏതാണെന്ന് മറന്നുപോവുകയും ചെയ്ത വ്യക്തിയാണോ നിങ്ങൾ?
ഇത് കാണുമ്പോൾ ചിലർക്കെങ്കിലും ആധാറിൽ തന്നെയങ്ങ് നോക്കിയാൽ പോരേ അതിൽ മൊബൈൽ നമ്പറുണ്ടാവുമല്ലോ, പിന്നെ ഇയാളിതെന്തോന്ന്… എന്ന സംശയം സ്വഭാവികമായും തോന്നിയേക്കാം! 🙄 ആധാറിനായി ആദ്യകാലത്ത് എൻറോൾമെന്റ് ചെയ്ത പലർക്കും ലഭിച്ച കാർഡുകളിൽ ഫോൺ നമ്പർ പ്രിന്റ് ചെയ്തിട്ടുണ്ടാവണമെന്നില്ല. ഇ-ആധാറിൽ നോക്കിയാലും അതേയവസ്ഥ തന്നെയായിരിക്കും. അപ്പോഴെന്ത് ചെയ്യും?
കണ്ടെത്തുന്ന വിധം
ഇന്ന് പല കാര്യങ്ങൾക്കും ആധാറിനൊപ്പം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി (OTP) വരിക പതിവാണ്. ഇത്തരമൊരു ഘട്ടത്തിൽ ആ മൊബൈൽ നമ്പർ എങ്ങനെ കണ്ടെത്തും? അതിനുള്ള ഒരു എളുപ്പവഴിയാണ് ഈ ട്യൂട്ടോറിയൽ വഴി വിശദമാക്കാൻ പോകുന്നത്.
- ആദ്യം UIDAI-യുടെ ഈ ഔദ്യോഗിക വെബ്പേജിലേക്ക് പോവുക.
- ആധാർ നമ്പറും ക്യാപ്ചയും ടൈപ്പ് ചെയ്ത് Proceed And Verify Aadhaar എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇത്രേയൊള്ളൂ! നിങ്ങളുടെ ആധാറിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൻ്റെ അവസാനത്തെ മൂന്ന് അക്കങ്ങൾ അവിടെ കാണാൻ സാധിക്കും.
ഫോൺ വഴി എങ്ങനെ ചെയ്യാം?
നിങ്ങൾ സ്മാർട്ട്ഫോൺ വഴിയാണ് ഇത് ചെയ്യാൻ നോക്കുന്നതെങ്കിൽ mAadhaar [ആൻഡ്രോയിഡ്, ഐഓഎസ്] എന്ന ഔദ്യോഗിക ആധാർ ആപ്പ് ഉപയോഗിച്ചും നമ്പർ കണ്ടെത്താവുന്നതാണ്.
ഇനി നിങ്ങൾക്ക് ഒരു പരിചയവുമില്ലാത്ത, നിങ്ങളോ കുടുംബാഗങ്ങളോ ഉപയോഗിക്കാത്ത, ഒരു നമ്പറാണ് അതിലുള്ളതെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആധാർ എൻറോൾമെന്റ് സെൻ്ററിലോ പോസ്റ്റ് ഓഫീസിലോ അല്ലെങ്കിൽ അക്ഷയയിലോ പോയി അത് മാറ്റുക. ഒരുപക്ഷേ, ആധാറെടുത്ത സമയത്ത് മൊബൈൽ നമ്പർ ഇല്ലായിരുന്നെങ്കിൽ ആധാർ സെന്റർ അവരുടെ നമ്പർ കൊടുത്തതായിരിക്കാൻ സാധ്യതയുണ്ട്. ഉടൻ തന്നെ പോയി ഇത് മാറ്റാൻ പറയാൻ കാരണം, ആ ഫോൺ നമ്പറിന്റെ ഉടമയും നിങ്ങൾക്ക് അജ്ഞാതനുമായ വ്യക്തിക്ക് ഏതെങ്കിലും വിധത്തിൽ നിങ്ങളുടെ ആധാർ നമ്പർ ലഭിച്ചാൽ അതുവെച്ച് ദുരുപയോഗം ചെയ്യാനാകും!
വീഡിയോ
ശ്രദ്ധിക്കുക: നിലവിൽ ആധാർ വെബ്സൈറ്റ് വഴി ഫോൺ നമ്പർ മാറ്റാൻ സാധിക്കില്ല, വിലാസം മാത്രമേ പുതുക്കാൻ സാധിക്കൂ.