ഇതുവരെ സംഭവിച്ചതു വച്ചു നോക്കിയാൽ ഭാവിയിലെ കമ്പ്യൂട്ടറുകൾ അതിശക്തന്മാരാകേണ്ടതാണ്. 1971 ലെ ഇന്റൽ പ്രൊസസ്സറിൽ 2300 ട്രാൻസിസ്റ്ററുകളേ ഉണ്ടായിരുന്നുള്ളൂ. അവയുടെ വലിപ്പം 10,000 നാനോമീറ്റർ ആയിരുന്നു. എന്നാൽ 1975 ആയപ്പോൾ 8000 നാനോമീറ്റർ വലിപ്പത്തിൽ 4500 ട്രാൻസിസ്റ്ററുകൾ ഒരു പ്രൊസസറിൽ ഉൾക്കൊള്ളിക്കാൻ ഇന്റലിനു കഴിഞ്ഞു. എൺപത്തി എട്ടിൽ ഇത് 1500 നാനോ മീറ്റർ വലിപ്പത്തിൽ രണ്ടു ലക്ഷത്തി അമ്പതിനായിരം ട്രാൻസിസ്റ്ററുകളായി.
1995 ൽ 500 നാനോ മീറ്ററിൽ 55 ലക്ഷം ട്രാൻസിസ്റ്ററുകളായി. 20001 ൽ 130 നാനോ മീറ്ററിൽ നാലരക്കോടി ട്രാൻസിസ്റ്ററുകളായി. 2006 ൽ 65 നാനോ മീറ്ററിൽ 18 കോടിയിൽ ഏറെ ട്രാൻസിസ്റ്ററുകളായി. 2012 ൽ 22 നാനോമീറ്റർ വലിപ്പത്തിൽ 500 കോടി ട്രാൻസിസ്റ്ററുകളായി. 2016 ൽ 14 നാനോ മീറ്ററിൽ 800 കോടി ട്രാൻസിസ്റ്ററുകളായി. 2020ൽ ഹ്യുവാവെ എന്ന കമ്പനി 5 നാനോ മീറ്ററിൽ 1530 കോടി ട്രാൻസിസ്റ്ററും ആപ്പിൾ 5 നാനോ മീറ്ററിൽ 1600 കോടി ട്രാൻസിസ്റ്ററും ഉൾക്കൊള്ളിച്ചു പ്രൊസസർ ഇറക്കി. നമ്മൾ എവിടെത്തുടങ്ങി എന്നു നോക്കിയാൽ നമുക്കുണ്ടായ വളർച്ച അറിയാൻ സാധിക്കും. പക്ഷേ വലിപ്പം കുറച്ചുകൊണ്ട് കൂടുതൽ ട്രാൻസിസ്റ്ററുകൾ ഉൾക്കൊള്ളിക്കുന്ന പരിപാടി ഒരു ഘട്ടം വരുമ്പോൾ നിലയ്ക്കും. ഒരു നിശ്ചിത അകലമിടാതെ ട്രാൻസിസ്റ്ററുകൾ പ്രൊസസറിൽ ഘടിപ്പിക്കാനാവില്ല. പക്ഷേ അപ്പോഴേയ്ക്കുംട്രാൻസിസ്റ്ററുകൾക്കു പകരം മറ്റെന്തെങ്കിലും മനുഷ്യർ കണ്ടുപിടിച്ചേക്കും. സാങ്കേതികവിദ്യ എന്തായാലും മുന്നോട്ടു തന്നെ നീങ്ങും. കിതയ്ക്കില്ല.
Writer: Vinod Kc