ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി ക്ലൈന്റുകൾക്കും ചിലപ്പോൾ സുഹൃത്തുക്കൾക്കും ഇന്റർനെറ്റ് വഴി വലിയ ഫയലുകൾ പങ്കുവെയ്ക്കേണ്ടി വരാറുണ്ടാകും നമ്മളിൽ പലർക്കും. ഗൂഗിൾ ഡ്രൈവ് (Google Drive), ഡ്രോപ്ബോക്സ് (Dropbox), വൺഡ്രൈവ് (OneDrive) തുടങ്ങിയ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളായിരിക്കും പലരും ഉപയോഗിക്കുക. ഇവയ്‌ക്കെല്ലാം സൗജന്യപ്ലാനുകളിൽ പരിധികളുണ്ടെന്ന് നമുക്കറിയാം. എന്നാൽ, പരിധികളില്ലാതെ, അതായത് ഫയലിന്റെ വലിപ്പം എത്രയാണെങ്കിലും ‘വിഷയമല്ലാത്ത’ ചില സൗജന്യസേവനങ്ങളെ നമുക്കിവിടെ പരിചയപ്പെടാം.
ഫയൽ സൈസ് പരിധികളില്ലാത്തവ (Unlimited File Size)
ക്യുബിറ്റ്‌ടൊറന്റ് (qBittorrent)
ടൊറന്റ് എന്ന് കേൾക്കുമ്പോൾ പലരും നെറ്റിചുളിച്ചേക്കാം. സിനിമകളും, സംഗീതവും, സോഫ്റ്റ്‌വെയറും പൈറേറ്റ് (pirate) ചെയ്യാനാണ് ടൊറന്റ് ഭൂരിഭാഗം ആളുകളും ഉപയോഗിക്കാറ്. എന്നാൽ, നിയമവിരുദ്ധമല്ലാത്ത ഫയലുകൾ പണം മുടക്കാതെ മറ്റൊരാൾക്ക് പങ്കുവെയ്ക്കാൻ ടൊറന്റ് മികച്ച ഒരു ഓപ്ഷനാണ്. എത്ര വലിപ്പമുള്ള ഫയൽ ആണെങ്കിലും ടൊറന്റ് വഴി അയക്കാം. പിയർ-റ്റു-പിയർ (P2P) ഫയൽ ഷെയറിങ് പ്രോട്ടോക്കോളുകളിൽ ഏറ്റവും പ്രശസ്തമാണ് ബിറ്റ്‌ടൊറന്റ് (Bittorrent). ബിറ്റ്‌ടൊറന്റ് ക്ലൈന്റുകൾ നിരവധിയുണ്ടെങ്കിലും ഓപ്പൺ സോഴ്സായിട്ടുള്ളവയിൽ ക്യുബിറ്റ്‌ടൊറന്റ് മുൻപന്തിയിൽ നിൽക്കുന്നു. ഏത് ക്ലൈന്റ് ഉപയോഗിച്ചും ഫയൽ അയക്കാം. ഡൗൺലോഡ് പൂർത്തിയാകുന്നത് വരെ അപ്‌ലോഡ് ചെയ്യുന്ന ആൾ ഫയൽ സീഡ് ചെയ്തുകൊണ്ടിരിക്കണം എന്നൊരു പരിമിതി ഇതിനുണ്ട്. ബിറ്റ്‌ടൊറന്റിനെക്കുറിച്ചും ടൊറന്റ് വഴി ഫയൽ എങ്ങനെ പങ്കുവെയ്ക്കാം എന്നതിനെക്കുറിച്ചും വിശദമായി ഒരു പോസ്റ്റ് ഞങ്ങളുടെ ബ്ലോഗിൽ പ്രതീക്ഷിക്കാവുന്നതാണ്.
അക്കൗണ്ട്: ആവശ്യമില്ല, പക്ഷേ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം.
ഇൻസ്റ്റന്റ് (Instant)
വെബ്ടൊറന്റ് (ബ്രൗസറുകൾ വഴി ഉപയോഗിക്കാവുന്ന ടൊറന്റ് ക്ലൈന്റ്) അടിസ്ഥാനമാക്കി ഫയലുകൾ അയക്കാനുള്ള ഒരു പുതിയ സംവിധാനമാണിത്. ഫയലുകൾ അയക്കാനും, ഡൗൺലോഡ് ചെയ്യാനും ഇത് ഉപയോഗിക്കാം. ഫയലുകൾ അയക്കുമ്പോൾ, ഇൻസ്റ്റന്റ് ലിങ്കിനോടൊപ്പം, മാഗ്നറ്റ് ലിങ്കും, ഹാഷും ലഭിക്കും. ഇതിൽ ഏതെങ്കിലുമൊന്ന് ഫയൽ ഡൗൺലോഡ് ചേയ്യേണ്ട ആൾക്ക് കൈമാറാം. ഇൻസ്റ്റന്റ് ലിങ്ക് ഉപയോഗിക്കുന്നതാണ് ഡൗൺലോഡിങിനു കൂടുതൽ വേഗത നൽകുന്നത്.
അക്കൗണ്ട്: ആവശ്യമില്ല
ഗോഫയൽ (Gofile)
2014 മുതലുള്ള സേവനമാണിത്. അപ്‌ലോഡ് ചെയ്യുന്ന ഫയലുകൾ സ്ഥിരമായി ഡൗൺലോഡ് ചെയ്യപ്പെടുന്നുണ്ടെങ്കിൽ അവ സൈറ്റിൽ നിന്നും നീക്കം ചെയ്യില്ല. എന്നാൽ 10 ദിവസം നിർജ്ജീവമായി ഇരിക്കുകയാണെങ്കിൽ അവ നീക്കം ചെയ്യപ്പെടും. സ്ഥിരമായി ഫയലുകൾ സൂക്ഷിക്കണമെങ്കിൽ, പെയ്ഡ് സബ്‌സ്ക്രിപ്ഷനെടുക്കാം.
അക്കൗണ്ട്: നിർബന്ധമില്ല, എന്നിരുന്നാലും ഉണ്ടെങ്കിൽ ഫയലുകൾ കാര്യക്ഷമായി നിയന്ത്രിക്കാൻ ഉപകരിക്കും.
സ്മാഷ് (Smash)
2016-ൽ ഫ്രാൻസിൽ സ്ഥാപിക്കപ്പെട്ട കമ്പനി. പെയ്ഡ് പ്ലാനുകൾക്കൊപ്പം സൗജന്യമായി പരിധിയില്ലാത്ത സൈസിൽ ഫയൽ അയക്കാൻ ഫ്രീ പ്ലാനിലും സാധിക്കുമെന്നതാണ് ഇവരെ വ്യത്യസ്തമാക്കുന്നത്. പോരായ്മ എന്താണെന്ന് വെച്ചാൽ, 2 ജിബി കഴിഞ്ഞാൽ ക്യൂവിലാകും. പിന്നെ, മുൻഗണന അനുസരിച്ചേ, ബാക്കിയുള്ള ഭാഗം അപ്‌ലോഡ് ആവുകയുള്ളൂ. 7 ദിവസങ്ങൾ വരെ ഫയൽ അവരുടെ സ്റ്റോറേജിൽ ലഭ്യമാകും.
അക്കൗണ്ട്: നിർബന്ധമില്ല
ടോഫിഷെയർ (Toffeeshare)
2017-ൽ ആരംഭിച്ച ഒരു പിയർ-റ്റു-പിയർ ഫയൽ ഷെയറിങ് സേവനമാണിത്. ഫയലുകൾക്ക് എൻഡ്-റ്റു-എൻഡ് എൻക്രിഷ്പൻ പരിരക്ഷയുമുണ്ട്. ഫയൽ ഡൗൺലോഡ് കഴിയുന്നതുവരെ പേജ് തുറന്നുതന്നെ വെക്കേണ്ടതുണ്ട്. ഇവർക്ക് ആൻഡ്രോയ്ഡ് ആപ്പുമുണ്ട്.
അക്കൗണ്ട്: ആവശ്യമില്ല
xkcd949
2015 മുതൽക്കേയുള്ള ഒരു ഫയൽ ഷെയറിങ് സൈറ്റാണിത്. ഫയലുകൾ പിയർ-റ്റു-പിയറായാണ് പങ്കുവെയ്ക്കപ്പെടുന്നത്. അതിനാൽ തന്നെ ഡൗൺലോഡ് കഴിയുന്നതുവരെ പേജ് തുറന്നുവെയ്ക്കണം.
അക്കൗണ്ട്: ആവശ്യമില്ല
ജിറാഫ് (Jirafeau)
2002-ൽ മുതലുള്ള വെബ്സൈറ്റാണിത്. നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസർ HTML5 പിന്തുണയ്ക്കാത്തതാണെങ്കിൽ മാത്രം 10 GB എന്ന ഫയൽ സൈസ് പരിമിതിയുണ്ട്.
അക്കൗണ്ട്: ആവശ്യമില്ല
ഫയൽ സൈസ് പരിധികളുള്ളവ
വീട്രാൻസ്ഫർ (WeTransfer)
ഫയൽ ഷെയറിങ് സേവനങ്ങളിൽ ഏറ്റവും പ്രശസ്തമായതാണിത്. 2009-ൽ നെതർലൻഡ്സിൽ സ്ഥാപിക്കപ്പെട്ടതാണ് ഈ കമ്പനി. സൗജന്യ പ്ലാനിൽ ഒരാഴ്ച മാത്രമേ ഫയൽ സൂക്ഷിക്കാനാകൂ. കൂടുതൽ സൗകര്യങ്ങൾ നൽകുന്ന പ്രോ പ്ലാനുണ്ട്.
അക്കൗണ്ട്: നിർബന്ധമില്ല, എന്നാൽ അയക്കുന്നയാളിന്റെയും സ്വീകർത്താവിന്റെയും ഇമെയിൽ ആവശ്യമാണ്.
ഫയൽ സൈസ് പരിധി: 2 GB
ഇൻസ്റ്റഷെയർ (Instashare)
2020-ൽ ആരംഭിച്ച ഇന്ത്യൻ ഫയൽ ഹോസ്റ്റിങ് & ഷെയറിങ് കമ്പനിയാണ് ഡിജിബോക്സ് (Digiboxx). 45 ദിവസത്തേക്ക് ഫയലുകൾ സൗജന്യമായി അയക്കാം.
അക്കൗണ്ട്: ഇമെയിൽ ആവശ്യമാണ്
ഫയൽ സൈസ് പരിധി: 2 GB
മെയിൽബിഗ്ഫയൽ (MailBigFile)
2006 മുതൽ ഈ സേവനമുണ്ട്. 10 ദിവസങ്ങൾ വരെ ഫയലുകൾ സൂക്ഷിക്കപ്പെടും. പ്രോ പ്ലാനുണ്ട്.
അക്കൗണ്ട്: ആവശ്യമില്ല, അയക്കുന്നയാളിന്റെയും സ്വീകർത്താവിന്റെയും ഇമെയിൽ ആവശ്യമാണ്.
ഫയൽ സൈസ് പരിധി: 2 GB, 5 ഫയലുകൾ അയക്കാം.
പിക്ലൗഡ് (pCloud)
2013-ൽ സ്വിറ്റ്സർലാൻഡിൽ തുടങ്ങിയതാണ് ഈ കമ്പനി.
അക്കൗണ്ട്: നിർബന്ധമില്ല, എന്നാൽ നിങ്ങളുടെ ഇമെയിൽ വിലാസവും ഫയൽ ലഭിക്കുന്നയാളുടെ ഇമെയിൽ വിലാസവും നൽകണം.
ഫയൽ സൈസ് പരിധി: 5 GB
വേംഹോൾ (Wormhole)
2018-ൽ തുടങ്ങിയ ഫയൽ ഷെയറിങ് സംവിധാനമാണിത്. ഫെറോസ്, ജോൺ തുടങ്ങിയ ഡെവലപ്പർമാരാണ് ഇതിന്റെ പിന്നിൽ. ഫയലുകൾക്ക് എൻഡ്-റ്റു-എൻഡ് എൻക്രിഷ്പൻ പരിരക്ഷയുമുണ്ട്. ഫയലുകൾ എത്ര സമയം അല്ലെങ്കിൽ എത്ര ഡൗൺലോഡുകൾ വരെ സൂക്ഷിക്കണമെന്ന് സെറ്റ് ചെയ്യാൻ സാധിക്കും.
അക്കൗണ്ട്: ആവശ്യമില്ല
ഫയൽ സൈസ് പരിധി: 10 GB
ടെമ്പ്.നിൻജ (tmp.ninja)
48 മണിക്കൂർ നേരത്തേക്ക് ഫയലുകൾ സൂക്ഷിക്കാനും മറ്റുള്ളവർക്ക് അയക്കാനും ഉപകരിക്കുന്ന 2020-ൽ ആരംഭിച്ച ഒരു സേവനമാണിത്.
അക്കൗണ്ട്: ആവശ്യമില്ല
ഫയൽ സൈസ് പരിധി: 10 GB
ഫയൽഡിച്ച് (Fileditch)
2021-ൽ ആരംഭിച്ച സേവനമാണിത്. ഫയലുകൾ എന്നന്നേക്കുമായി സൂക്ഷിക്കാൻ സാധിക്കും എന്ന സൗകര്യം കൂടിയുണ്ട്. പഴയ ഫയലുകൾക്ക്, അതായത് 30 ദിവസങ്ങൾക്കുള്ളിൽ ആരും ആക്സസ് ചെയ്തിട്ടില്ലാത്ത ഫയലുകളിൽ, ഡൗൺലോഡ് വേഗതയ്ക്ക് 5 Mbits എന്ന പരിധിയുണ്ട്.
അക്കൗണ്ട്: ആവശ്യമില്ല
ഫയൽ സൈസ് പരിധി: 15 GB
1ഫിഷിയർ (1fichier)
2010 മുതലുള്ള ഒരു ഫയൽ ഹോസ്റ്റിങ് & സ്റ്റോറേജ് സേവനമാണിത്. സ്റ്റോറേജിനു പരിധിയില്ല. രജിസ്റ്റർ ചെയ്യാത്തവരുടെ ഫയലുകൾ 15 ദിവസം കഴിഞ്ഞ് നീക്കം ചെയ്യപ്പെടും. പ്രീമിയം പ്ലാനുമുണ്ട്.
അക്കൗണ്ട്: നിർബന്ധമില്ല, ഉണ്ടെങ്കിൽ ഫയലുകൾ 30 ദിവസം വരെ സൂക്ഷിക്കാൻ സാധിക്കും.
ഫയൽ സൈസ് പരിധി: 300 GB
ഇനിയും ഒരുപാട് ഫ്രീ ബിഗ് ഫയൽ ഷെയറിങ് സേവനങ്ങളുണ്ട്. അവ കൂടി ചേർത്ത് ഈ പട്ടിക ഇടയ്ക്കിടെ പുതുക്കുന്നതാണ്. അതിനാൽ ഈ പേജ് മറക്കാതെ ബുക്ക്മാർക്ക് ചെയ്തിടുക.
What about shareme, trebleshot….
അതൊക്കെ nearby file sharing ആപ്പുകളല്ലേ. അടുത്തുള്ള ഡിവൈസിലേക്ക് വൈഫൈ ഉപയോഗിച്ചുള്ള ഫയൽ ഷെയറിങിനേ അത് ഉപകരിക്കൂ. ദൂരെയുള്ള ഒരാൾക്ക് അതുവെച്ച് ഫയൽ അയക്കാൻ സാധിക്കില്ല.