ഇപ്പോളിറങ്ങുന്ന മിക്ക ആൻഡ്രോയ്ഡ് ഫോണുകളിലും ഓഎസിന്റെ ഭാഗമായി ബിൽറ്റ്-ഇൻ വീഡിയോ പ്ലെയറുണ്ടാകും. എന്നാൽ ഇവയ്ക്കെല്ലാം പലതരത്തിലുള്ള പരിമിതികളുണ്ട്. അത്തരത്തിലുള്ള അവസരങ്ങളിലാണ്, മറ്റു വീഡിയോ പ്ലെയർ ആപ്പുകളെ നമുക്ക് ആശ്രയിക്കേണ്ടി വരുന്നത്. ഞങ്ങൾ ഉപയോഗിച്ചു നോക്കി ഇഷ്ടപ്പെട്ട കുറച്ച് വീഡീയോ പ്ലെയർ ആപ്പുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.
ഓപ്പൺ സോഴ്സ്
വിഎൽസി മീഡിയ പ്ലെയർ (VLC Media Player)
വിഎൽസി മീഡിയ പ്ലെയർ ഒരു കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് എന്താണ് എന്ന് പറഞ്ഞു മനസിലാക്കി തരേണ്ട കാര്യമില്ല. കാരണം എല്ലാ വീഡിയോ ഫോർമാറ്റും ഓഡിയോ ഫോർമാറ്റും പ്ലേയാവുന്ന ഇതിനെ വെല്ലുന്ന ഒരു മൾട്ടീമീഡിയ പ്ലെയർ പി സിയിൽ ഇല്ല എന്ന് തന്നെ പറയാം. ഈ ഒരു വാദം ഒട്ടും കുറക്കാതെ തന്നെ ആൻഡ്രോയിഡ് ഫോണുകളിൽ വിഎൽസി മീഡിയ പ്ലെയർ പ്രവർത്തിക്കുന്നു. പരസ്യമില്ല, ഏത് വീഡിയോ ഓഡിയോ ഫോർമാറ്റും പ്ലേ ചെയ്യാം വീഡിയോ ലിങ്ക് സ്ട്രീം ചെയ്യാം എന്ന് തുടങ്ങി ഒട്ടനവധി സവിശേഷതകൾ ഈ ആപ്പിലുണ്ട്. വീഡിയോ ഏതെങ്കിലും പ്ലേ ആവാതെ വന്നാൽ നേരെ പ്ലേ സ്റ്റോർ കേറി വിഎൽസി മീഡിയ പ്ലെയർ എന്ന് സെർച്ച് ചെയ്ത് ഡൗൺലോഡ് ചെയ്യുക.
കോഡി (Kodi)
ആൻഡ്രോയിഡിനുള്ള ഓപ്പൺ സോഴ്സ് വീഡിയോ പ്ലെയറുകളിൽ വി.എൽ.സി. കഴിഞ്ഞാൽ ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് കോഡി. കോഡി വെറുമൊരു വീഡിയോ പ്ലെയർ മാത്രമല്ല. ഹോം-തിയ്യേറ്ററിനുള്ള ഒരു മികച്ച സോഫ്റ്റ്‌വെയർ എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഡെവലപ്പേഴ്സ് കോഡി എന്ന ഓപ്പൺ സോഴ്സ് ഭീമനെ സൃഷ്ടിച്ചിരിക്കുന്നത്. നിരവധി പ്ലാറ്റ്‌ഫോമുകളിലും ഡിവൈസുകളിലും ലഭ്യമാണ്. വീഡിയോ/ഓഡിയോ പ്ലേ ചെയ്യുക എന്നത് കൂടാതെ ഗെയിം കളിക്കുക, ഫോട്ടോ ലൈബ്രറി, ലൈവ് ടിവി കാണുക, റെക്കോഡ് ചെയ്യുക തുടങ്ങി നിങ്ങളുടെ മൾട്ടിമീഡിയ ശേഖരം ക്രമീകരിക്കാനും വേർതിരിക്കാനും, മെറ്റാഡേറ്റ ചേർത്ത് ഭംഗിയാക്കാനും കോഡി സൗകര്യമൊരുക്കുന്നു. കോഡിയുടെ മുഴുവൻ സവിശേഷതകളും ലളിതമായി വിവരിക്കുക സാധ്യമല്ലെന്ന് ചുരുക്കം. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉള്ള വീഡിയോ/ഓഡിയോ ഫയൽ ഫോണിലൂടെ പ്ലേ ചെയ്യാനും നേരെ തിരിച്ചും, ഇന്റനെറ്റിലൂടെയും അല്ലാതെയും, കോഡി വഴി സാധിക്കും. കൂടുതലറിയാൻ കോഡിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
നോവ വീഡിയോ പ്ലെയർ (Nova Video Player)
ഡിവൈസിൽ ഉള്ള ഫയലുകളിൽ സിനിമയും മറ്റുമുണ്ടെങ്കിൽ മെറ്റാഡേറ്റ IMDb & TMDB-യിൽ നിന്നും ഓട്ടോമാറ്റിക്കായി എടുക്കുന്നു. ഫയലിനു യോജിക്കുന്ന സബ്ടൈറ്റിൽ സേർച്ച് ചെയ്ത് ഡൗൺലോഡ് ചെയ്യാനും ഇതിൽ സൗകര്യമുണ്ട്. ത്രീഡി ടിവി പിന്തുണ, ആൻഡ്രോയിഡ് ടിവിക്ക് യോജിക്കുന്ന ഇന്‍ർഫേസ്, ഓഡിയോ ബൂസ്റ്റ്, സബ്ടൈറ്റിലും വീഡിയോയും ഓഡിയോയും സിങ്ക് ചെയ്യാനുള്ള സംവിധാനം, നെറ്റ്‌വർക്ക് വീഡിയോ സ്ട്രീമിങ്, കണ്ട സിനിമകളും സീരീസുകളും Trakt ഉപയോഗിച്ച് ട്രാക്ക് ചെയ്യുക തുടങ്ങിയവ പ്രധാന സവിശേഷതകളാണ്. ഒരു പോരായ്മായി തോന്നിയത് MX-Player-ൽ ഉള്ളതുപോലെ സ്വൈപ്പ് ചെയ്തുകൊണ്ട് വീഡിയോ ഓടിച്ചുവിടാൻ പറ്റില്ല എന്നതാണ്. അതുപോലെ ഇരുവശങ്ങളിലുമായിട്ടുള്ള ബ്രൈറ്റ്‌നെസ് & സൗണ്ട് കണ്ട്രോളിലും സ്വൈപ്പ് സംവിധാനമില്ല.
ജസ്റ്റ് വീഡിയോ പ്ലെയർ (Just Video Player)
പേരുപോലെത്തന്നെ വളരെ സിമ്പിൾ ആയ മറ്റൊരു ഓപ്പൺ സോഴ്സ് വീഡിയോ പ്ലെയറാണിത്. “വരണം, വീഡിയോ പ്ലേ ചെയ്യണം, പോകണം” (maniyanpilla.jpg)😀എന്ന ഒരു ചിന്ത മാത്രമുള്ള ഒരു മിനിമലിസ്റ്റിക്ക് വീഡിയോ പ്ലെയർ. അധികം ക്രമീകരണങ്ങളോ സവിശേഷതകളോ ഒന്നുമില്ല. ഒട്ടനവധി വീഡിയോ-ഓഡിയോ ഫോർമാറ്റുകൾ കൂടാതെ HDR10+, ഡോൾബി വിഷൻ (Dolby Vision) പോലും പിന്തുണയ്ക്കും എന്നതിനാൽ ആളത്ര മോശക്കാരനുമല്ല. ആൻഡ്രോയിഡ് ടിവിയിൽ ഓട്ടോമാറ്റിക്കായി ഫ്രെയിം റേറ്റ് മാച്ച് ചെയ്യുക, ഹെഡ്ഫോൺ ഊരുമ്പോൾ ഓട്ടോമാറ്റിക്കായി പ്ലേബാക്ക് പോസ് ചെയ്യുക, തേഡ് പാർട്ടി ഇക്വലൈസർ പിന്തുണ തുടങ്ങിയ സവിശേഷകൾ ഈ പ്ലെയറിനുണ്ട്. സ്വൈപ്പ് ചെയ്ത് വീഡിയോ സീക്ക് ചെയ്യാനും ഓഡിയോ, ബ്രൈറ്റ്‌നെസ്സ് എന്നിവ നിയന്ത്രിക്കാൻ സാധിക്കുമെന്നതിനാൽ പ്ലേബാക്ക് സുഗമമാണ്.
എംപിവി-ആൻഡ്രോയിഡ് (mpv-android)
കമാൻഡ് ലൈൻ (command line) അധിഷ്ഠിത ഓപ്പൺ സോഴ്സ് വീഡിയോ പ്ലെയറായ എംപിവി ഒരുപാട് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. അതിന്റെ ആൻഡ്രോയിഡ് വെർഷൻ ഗൂഗിൾ പ്ലേ അല്ലെങ്കിൽ എഫ്ഡ്രോയിഡ് (F-Droid) വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്. വീഡിയോ ബാക്ഗ്രൗണ്ടിൽ പ്ലേ ചെയ്യുക, പിക്ചർ-ഇൻ-പിക്ചർ, പുറത്തു നിന്നുള്ള ഓഡിയോ ഫയൽ ഓപ്പൺ ചെയ്യുക തുടങ്ങിയ പ്രത്യേക സവിശേഷതകൾ ഈ പ്ലെയറിനുണ്ട്.
ഫെർമാറ്റ വീഡിയോ പ്ലെയർ (Fermata Media Player)
ഈ ഓപ്പൺ സോഴ്സ് വീഡിയോ പ്ലെയറിനെ മറ്റു വീഡിയോ പ്ലെയർ ആപ്പുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇതിന്റെ വലിപ്പമാണ് – വെറും 2.6 MB! ഫയലുകൾ ഓർഗനൈസ് ചെയ്തു പ്ലേ ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് അഭികാമ്യമാണ് ഈ പ്ലെയർ. ആൻഡ്രോയിഡ് ടിവി, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കും. ഇതു കൂടാതെ M3U പ്ലേലിസ്റ്റ് പ്ലേ ചെയ്യാനും, ഇന്റർനെറ്റ് ടിവി, ഇക്വലൈസർ-വിർച്വലൈസർ തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. മറ്റു ആപ്പുകളെ വെച്ചു നോക്കുമ്പോൾ ഇന്റർഫേസ് ഒരു പോരായ്മയായി തോന്നി. അത്യാവശ്യം ഫീച്ചറുകളൊക്കെയുണ്ടെങ്കിലും ചില വലിയ വീഡിയോ ഫയലുകൾ പ്ലേ ചെയ്യാൻ നോക്കിയപ്പോൾ എറർ വരുന്ന പ്രശ്നവും അനുഭവപ്പെട്ടു. അതുകൊണ്ടു തന്നെ നിങ്ങളുടെ ഡിവൈസിന് സ്റ്റോറേജ് സ്പേസ് കുറവാണെങ്കിലോ ആപ്പിന്റെ വലിപ്പം ഒരു മുൻഗണനയാണെങ്കിലോ മാത്രം ഈ പ്ലെയറിനെ പരിഗണിക്കുക.
മറ്റുള്ളവ
എംഎക്സ് പ്ലെയർ (MX Player)
ഈയൊരു വീഡിയോ പ്ലേയറിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്ന് അറിയാം. കാരണം അത്ര പോപ്പുലറായ ഈ ആപ്പിനെ മനസിലാകാത്ത ജാഡയുള്ള ആളുകൾ ഇല്ല എന്ന് തന്നെ പറയാം. ആൻഡ്രോയിങ് ഫോൺ ഉപയോഗിക്കുന്നവർക്ക് വർഷങ്ങളായി ഈ ഒരു ആപ്പ് ഫോണിൽ കാണും എന്നുറപ്പ്. മികച്ച ആൻഡ്രോയിഡ് ആപ്പുകളെ പറ്റി പറയുമ്പോൾ MX പ്ലെയറിനെ ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട് ലിസ്റ്റിൽ കൂട്ടിച്ചേർത്തു എന്നതാണ് സത്യം.
ഒരു ചെറിയ ആൻഡ്രോയിഡ് ആപ്പായി വന്ന് ഓ ടി ടി പ്ലാറ്റ്‌ഫോം എന്ന രീതിയിലേക്ക് മാറുകയാണ് MX Player. ഇപ്പോൾ ഒരുപാടു സീരീസുകൾ സിനിമകൾ തുടങ്ങിയവ ഈ ആപ്പിൽ നിങ്ങൾക്ക് സൗജന്യമായി ലഭ്യമാകും. മാത്രമല്ല വീഡിയോ കാണുന്നതിനനുസരിച്ച് പർച്ചേസ് ക്രെഡിറ്റുകളും MX Player നൽകുന്നുണ്ട്. ചില വീഡിയോ ചെയ്യുന്ന സമയം ഓഡിയോ വർക്കാവാത്തത് ഇതിന്റെ ഒരു പോരായിമയാണ്. എന്നിരുന്നാലും ഈ ആപ്പിനെ പറ്റി കേൾക്കാത്ത ആളുകൾ തീർച്ചയായും ഇത് ട്രൈ ചെയ്യുക.
കെ എം വീഡിയോ പ്ലെയർ (KM Video Player)
മറ്റ് പ്ലെയറുകൾ അപേക്ഷിച്ച് ഒരുപാട് കാര്യങ്ങൾ പറയുവാൻ ഇല്ലങ്കിലും കൊള്ളാവുന്ന ഒരു മൾട്ടിമീഡിയ പ്ലെയറാണ് കെ എം വീഡിയോ പ്ലെയർ. പരസ്യങ്ങളോ മറ്റ് അനാവശ്യമായ കാര്യങ്ങളോ ഇതിൽ ഇല്ല. പിന്നെ ഈ ആപ്പിൽ കൂടി KMplex എന്ന ടോക്കൺ സ്വന്തമാക്കുവാൻ സാധിക്കും. മൊബൈൽ നമ്പർ കൊടുത്ത് ഒരു വാലറ്റ് നിർമിച്ചാൽ എത്രയോ ടോക്കൺ ലഭിക്കും എന്നാണ് ഇവർ പറയുന്നേ. വാലറ്റ് ഉണ്ടാക്കാൻ നോക്കിട്ട് ഓ ടി പി വരാത്തതുകൊണ്ടു അത് ഉപേക്ഷിക്കേണ്ടി വന്നു. ഈ ആൻഡ്രോയിഡ് പ്ലെയറിന് പി സി വേർഷനും ഉണ്ട്. കൂടാതെ സ്ട്രീം ചെയ്യുവാനും ഗൂഗിൾ ഡ്രൈവ് പോലുള്ള പ്ലാറ്റ്‌ഫോമിൽ നിന്നും വീഡിയോ സ്ട്രീം ചെയ്യുവാനും സാധിക്കും.