ജിയോയുടെ വരവോട് കൂടി വൻതോതിൽ കുതിച്ചുയർന്ന ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോഗം, പിന്നീട്, കോവിഡ് കാലത്ത് ഇരട്ടിയായി. വിദ്യാഭ്യാസ ആവശ്യവും “വർക്ക് ഫ്രം ഹോം” എന്ന തൊഴിൽസംസ്കാരവും മൊബൈൽ ഇന്റർനെറ്റിന്റെ പരിമിതികളിൽ നിന്ന് കൊണ്ട് മാത്രം മുന്നോട്ട് കൊണ്ടുപോവുക കഴിയാതെ വന്നു. പലരും ബ്രോഡ്ബാൻഡ് കണക്ഷനുകളെ ആശ്രയിച്ചുതുടങ്ങി. ഇന്റർനെറ്റ് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായതോടെ പല ടിവി ചാനലുകളും ഇന്ന് ഇന്റർനെറ്റ് വഴിയും—ഐപിടിവി (IPTV) എന്നാണ് ഇതിനെപ്പറയുക—ലഭിക്കുന്നുണ്ട്. ഇന്റർനെറ്റ് കണക്ഷനായി മാസം തോറും പണം നൽകുന്നതിനാൽ കേബിൾ/ഡിറ്റിഎച്ച് കണക്ഷനുകൾ പലർക്കും പാഴ്ചെലവായി എന്നതാണ് സത്യം. ഇന്റർനെറ്റ് വഴി ഒരുവിധം എല്ലാ വാർത്താചാനലുകളും വിനോദം, കായികം എന്നിവയുമായി ബന്ധപ്പെട്ട ചാനലുകളും ഇന്ന് ലഭിക്കും. പെയ്ഡ് ചാനലുകളും സൗജന്യ ചാനലുകളും ഇവയിൽ ഉൾപ്പെടുന്നു.
ഈ ചാനലുകൾ കാണുവാനായി പലപ്പോഴും നമ്മൾ ആശ്രയിക്കുന്നത് യൂട്യൂബ് അല്ലെങ്കിൽ ചാനലിന്റെ തന്നെ ഔദ്യോഗിക ആപ്പോ വെബ്സൈറ്റോ ആയിരിക്കും. അതിനുപകരം ഇവയെല്ലാം ഒരു കുടക്കീഴിൽ, അതായത് നിങ്ങൾ ടിവി ഉപയോഗിക്കുമ്പോൾ ചാനലുകൾ മാറ്റുന്നത് പോലെ, പ്ലേലിസ്റ്റായി (playlist) ലഭിക്കാനുള്ള ഒരു മാർഗ്ഗമാണ് ഇവിടെ പറയുന്നത്. സൗജന്യമായി ലഭിക്കുന്ന ചാനലുകൾ മാത്രമേ ഈ മാർഗ്ഗത്തിൽ ലഭിക്കൂ, അതുകൊണ്ട് എല്ലാ ചാനലുകളും പ്രതീക്ഷിക്കരുത്!
ഐപിടിവി പ്ലേലിസ്റ്റ്
സൗജന്യമായി ഐപിടിവി ചാനലുകളുടെ പ്ലേലിസ്റ്റുകൾ ലഭിക്കുന്ന നിരവധി വെബ്സൈറ്റുകളുണ്ട്. ഇവിടെ ഞാനുപയോഗിക്കുന്നത് ഒരു ഓപ്പൺ സോഴ്സ് പട്ടികയാണ്: https://github.com/iptv-org/
M3U എന്ന ഫോർമാറ്റിലാണ് പ്ലേലിസ്റ്റുകൾ ലഭിക്കുക. ചാനൽ തരം, ഭാഷ, രാജ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പ്ലേലിസ്റ്റുകളുടെ ഒരു വലിയ പട്ടിക അതിൽ ലഭിക്കും.
ഇന്ത്യയിലെ ചാനലുകൾ മുഴുവനും ലഭിക്കുന്ന പ്ലേലിസ്റ്റ്: https://iptv-org.github.io/iptv/countries/in.m3u
മലയാളം ചാനലുകളുടെ പ്ലേലിസ്റ്റ്: https://iptv-org.github.io/iptv/languages/mal.m3u
ഇനി നിങ്ങളുദ്ദേശിക്കുന്ന ചാനൽ പ്ലേലിസ്റ്റിൽ ഉണ്ടോയെന്നും സ്ട്രീം ചെയ്യുന്നുണ്ടോയെന്നുമറിയാൻ ഈ വെബ്സൈറ്റിൽ നോക്കാവുന്നതാണ്: https://iptv-org.github.io/
എന്തെങ്കിലും ഇൻസ്റ്റാൾ ചെയ്യണോ?
നിങ്ങളുടെ ഫോണിലെയോ കമ്പ്യൂട്ടറിലെയോ വെബ് ബ്രൗസർ വഴി ഐപിടിവി സ്ട്രീം ചെയ്യാൻ സാധിക്കുമെന്നതിനാൽ പ്രത്യേകിച്ചൊരു ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. ഇതിനായി നിരവധി സൗജന്യ വെബ് ആപ്പുകളുണ്ട്.
ഇനി നിങ്ങളുടെ ഫോണിലോ, ആൻഡ്രോയ്ഡ് ടിവിയിലോ, കമ്പ്യൂട്ടറിലോ നെറ്റ്‌വർക്ക് സ്ട്രീം (network stream) പിന്തുണയ്കുന്ന ഒരു വീഡിയോ പ്ലെയർ ഉണ്ടെങ്കിൽ, അത് ഉപയോഗിച്ചും ഐപിടിവി കാണാം.
ഐപിടിവിയ്ക്കായി പ്രത്യേകം ആപ്പ് ഇൻസ്താൾ ചെയ്യാൻ താത്പര്യപ്പെടുന്നവർക്ക് അതും പരിഗണിക്കാവുന്നതാണ്.
വെബ് ആപ്പുകൾ
ഐപിടിവി സ്ട്രീം ചെയ്യുന്ന കുറച്ച് വെബ് ആപ്പുകളെ താഴെ പരാമർശിക്കുന്നു.
- https://dev-iptv.web.app/ – രാജ്യങ്ങളായി തരം തിരിച്ച് ചാനലുകൾ ഇതിൽ തന്നെ ലഭ്യമാണ്.
- https://worldtvmobile.com/ – രാജ്യങ്ങളായി തരം തിരിച്ച് ചാനലുകൾ ലഭ്യമാണ്.
- http://jackal.surge.sh/ – രാജ്യങ്ങളായി തരം തിരിച്ച് ചാനലുകൾ ലഭ്യമാണ്.
- https://www.whatsuptv.app/ – പ്ലേലിസ്റ്റിന്റെ കണ്ണി കോപ്പി ചെയ്ത് ഇതിലെ Click to load IPTV… എന്നതിലേക്ക് പകർത്തി പ്ലേ ചെയ്യണം.
- https://zhangboheng.github.io/ – ഓപ്പൺ സോഴ്സ് വെബ് ആപ്പ്
വീഡിയോ പ്ലെയറുകളിൽ ഐപിടിവി ഉപയോഗിക്കേണ്ട വിധം
പ്രധാനപ്പെട്ട കുറച്ച് വീഡിയോ പ്ലെയറുകളിൽ എങ്ങനെയാണ് ഐപിടിവി ഉപയോഗിക്കേണ്ടതെന്ന് ഇനി വിശദമാക്കാം.
വിഎൽസി മീഡിയ പ്ലെയർ (VLC Media Player)
മുഖവര വേണ്ടാത്ത ഈ വീഡിയോ പ്ലെയറിൽ കാലങ്ങളായി നെറ്റ്‌വർക്ക് സ്ട്രീമിങിനുള്ള പിന്തുണയുണ്ട്. അതിനർത്ഥം, ഐപിടിവി സുഗമമായി നമുക്ക് വിഎൽസി വഴി ഉപയോഗിക്കാം.
ഡൗൺലോഡ് ചെയ്യാൻ: https://www.videolan.org/vlc/
പിസി
- വിഎൽസി തുറന്ന് Media → Open Network Stream അല്ലെങ്കിൽ Stream എടുക്കുക.
- M3U പ്ലേലിസ്റ്റ് കണ്ണി നൽകുക.
- ശേഷം, താഴെയുള്ള ഡ്രോപ് ഡൗൺ മെനുവിൽ നിന്നും Play തിരഞ്ഞെടുക്കുക.
- ചാനലുകളുടെ പട്ടിക ലഭിക്കാൻ View → Playlist എടുക്കുക. താഴെയുള്ള കണ്ട്രോൾ ബട്ടണുകളിൽ നിന്നും ഇതെടുക്കാവുന്നതാണ്.
- അതിൽ നിന്നും ഇഷ്ടമുള്ള ചാനലിൽ ഡബിൾ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Play തിരഞ്ഞെടുക്കുക.
മൊബൈൽ
- വിഎൽസി ആപ്പ് തുറന്ന് New stream-ൽ ടാപ്പ് ചെയ്യുക.
- M3U പ്ലേലിസ്റ്റ് കണ്ണി നൽകുക.
- ചാനൽ പട്ടിക ലഭിക്കാൻ മുകളിൽ വലതുവശത്ത് കാണുന്ന പ്ലേലിസ്റ്റ് ഐക്കണിൽ ടാപ്പ് ചെയ്യുക.
കോഡി (Kodi)
ഒരു സമ്പൂർണ്ണ മീഡിയ പ്ലെയർ സോഫ്റ്റ്‌വെയറാണ് കോഡി. ഒട്ടുമിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കും നിരവധി ഡിവൈസുകൾക്കും ഇത് ലഭ്യമാണ്.
ഡൗൺലോഡ് ചെയ്യാൻ: https://kodi.tv/download/
പിസി & മൊബൈൽ
- ആദ്യം തന്നെ M3U പ്ലേലിസ്റ്റ് നിങ്ങളുടെ ഫോണിലേക്ക്/കമ്പ്യൂട്ടറിലേക്ക് ഡൗൺലോഡ് ചെയ്യണം. ഇതിനായി പ്ലേലിസ്റ്റിന്റെ കണ്ണി നിങ്ങളുടെ ഫോൺ ബ്രൗസറിൽ നൽകിയ ശേഷം ഡൗൺലോഡ് ബട്ടണിൽ ടാപ്പ് ചെയ്യുക.
- കോഡി തുറന്ന് Movies, Videos, Music ഇതിലേതെങ്കിലുമൊന്നിൽ ടാപ്പ് ചെയ്യുക.
- എന്നിട്ട് Files-ലേക്ക് പോവുക.
- Add videos/movies/music… എടുത്ത് പ്ലേലിസ്റ്റ് ഉള്ള ഫോൾഡർ തിരഞ്ഞെടുക്കുക.
- ശേഷം, M3U ഫയലിൽ ടാപ്പ് ചെയ്യുക.
- ഇപ്പോൾ പ്ലേലിസ്റ്റിലുള്ള ചാനലുകളെല്ലാം നിങ്ങൾക്കവിടെ കാണാൻ സാധിക്കും. അതിൽ നിന്നും ഇഷ്ടമുള്ള ചാനലിൽ ടാപ്പ് ചെയ്യുക.
ഐപിടിവി ആപ്പുകൾ
ഐപിടിവിക്കായി പ്രത്യേകമുള്ള ചില മൊബൈൽ/ടിവി ആപ്പുകളെ ഇവിടെ പരാമർശിക്കുന്നു.
- FastoTVLite (സൗജന്യം, ഓപ്പൺ സോഴ്സ്) - ആൻഡ്രോയ്ഡ് | ഐഓഎസ്
- TiviMate (ആൻഡ്രോയ്ഡ് ടിവിക്ക് വേണ്ടിയുള്ളത്, ഫ്രീ & പെയ്ഡ് പ്ലാനുണ്ട്) – ആൻഡ്രോയ്ഡ്
- TV.io Home Streaming (സൗജന്യം) – ആൻഡ്രോയ്ഡ്
- Flex IPTV – ഐഓഎസ്
- WhatsUp TV (സൗജന്യം) – ഐഓഎസ്
ടിപ്പ്
ഐപിടിവിയുമായി ബന്ധപ്പെട്ട ഒരുപാട് ആപ്പുകൾ, സേവനങ്ങൾ, ടൂളുകൾ, ഡാറ്റാ പ്രൊവൈഡേഴ്സ് എന്നിങ്ങനെയുള്ള വിവരങ്ങളുടെ ഒരു ‘കമനീയ’ ശേഖരം ഇവിടെ ലഭിക്കും: https://github.com/iptv-org/awesome-iptv