മിയുഐ 13 (MIUI 13) അപ്ഡേറ്റിനു ശേഷം പല ഉപയോക്താക്കളും റിപ്പോർട്ട് ചെയ്യുന്ന ഒരു ബഗ്ഗാണ് മി 11 ലൈറ്റ് എൻഇ (Xiaomi Mi 11 Lite NE)-യിലെ ക്യാമറ ആപ്പ് ലാഗ്. ചിലപ്പോൾ ക്യാമറ ആപ്പ് തുറക്കുമ്പോൾ തന്നെയും അല്ലെങ്കിൽ ഒരു ക്യാമറയിൽ നിന്ന് മറ്റൊന്നിലേക്ക് സ്വിച്ച് ചെയ്യുമ്പോഴും ഈ പ്രശ്നം അനുഭവപ്പെടാം.
ഒടുവിൽ camera isn’t responding എന്ന എറർ ലഭിക്കാൻ വരെ ഇത് കാരണമാകുന്നു.
എങ്ങനെ പരിഹരിക്കാം?
ഷവോമി ഈ പ്രശ്നം പൂർണ്ണമായി പരിഹരിക്കുന്നത് വരെ, താത്കാലികമായി ഇതൊഴിവാക്കാൻ ചില വഴികൾ ഇവിടെ നിർദ്ദേശിക്കുന്നു. പല ഉപയോക്താക്കൾക്കും പല രീതിയിലായിരിക്കും ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുക എന്നതിലാണ് ഈ വഴികളെല്ലാം നിർദ്ദേശിക്കുന്നത്. അതിനാൽ തന്നെ ഇതെല്ലാം ഒന്നിച്ച് ചെയ്യേണ്ട ആവശ്യമില്ല. പകരം ഒരെണ്ണം ചെയ്ത്, കുറച്ച് ദിവസം ക്യാമറ ആപ്പ് ഉപയോഗിച്ചുനോക്കി, പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ മാത്രം അടുത്തതിലേക്ക് കടക്കുക. ചിലപ്പോൾ ഒരെണ്ണം ചെയ്യുമ്പോൾ തന്നെ ലാഗ് പരിഹരിക്കപ്പെട്ടതായി തോന്നാമെങ്കിലും, കുറച്ചു ദിവസം കഴിയുമ്പോൾ പ്രശ്നം വീണ്ടും വന്നേക്കാം. ഓരോന്നും ചെയ്തതിന് ശേഷം ഫോൺ റീബൂട്ട് ചെയ്യണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിൽ എനിക്ക് വർക്ക് ചെയ്തത് 3-ാമത്തേതാണ്.
1. ക്യാഷ് & ഡാറ്റ
ക്യാമറ ആപ്പിന്റെ ക്യാഷ് & ഡാറ്റ ക്ലിയർ ചെയ്യാനായി ഫോൺ Settings → Apps → Manage Apps → Camera എടുക്കുക. അതിൽ Clear data → Clear all data കൊടുക്കുക.
2. ക്യാമറ സെറ്റിങ്സ്
ക്യാമറ ആപ്പിൽ നിന്ന് Settings എടുക്കുക. അല്ലെങ്കിൽ ഫോൺ Settings → Apps → System app settings → Camera settings-ലേക്ക് പോവുക. അതിൽ നിന്നും Restore default settings എടുത്ത് OK ടാപ്പ് ചെയ്യുക.
3. വിർച്വൽ റാം
Settings → Additional settings → Memory extension എടുത്ത് അത് പ്രവർത്തനരഹിതമാക്കുക.
4. തീം
കസ്റ്റം തീമുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യുക. പ്രീ-ഇൻസ്റ്റാൾഡായി വന്നിട്ടുള്ള Classic അല്ലെങ്കിൽ Boundless മാത്രം ഉപയോഗിക്കുക.
5. റീസെറ്റ്
ഏറ്റവും ഒടുവിലായി, ഒരു വിധത്തിലും പ്രശ്നം മാറുന്നിലെങ്കിൽ, ചെയ്ത് നോക്കേണ്ട സംഗതിയാണ് ഫാക്ടറി റീസെറ്റ്. ഫോണിന്റെ ഒരു ബാക്കപ്പ് എടുത്തതിനു ശേഷം Settings → About phone → Factory reset → Erase all data ടാപ്പ് ചെയ്യുക.