നിങ്ങൾ ജോലിസംബന്ധമായ അല്ലെങ്കിൽ ബിസിനസ്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇമെയിലിൽ ഒരു എച്ച്.ടി.എം.എൽ. സിഗ്നേച്ചർ (HTML signature) ക്രമീകരിക്കുന്നത്, ഓരോ തവണയും മെയിലയക്കുമ്പോൾ നിങ്ങളുടെ പേരോ, കമ്പനിയുടെ പേരോ, വിലാസമോ, മറ്റു വിവരങ്ങളോ ടൈപ് ചെയ്യേണ്ടിവരുന്നത് ഒഴിവാക്കി, സമയം ലാഭിക്കാൻ സഹായിക്കും. വെബ് ഹോസ്റ്റിങ് സേവനം നൽകുന്ന സർവീസുകളിൽ കൺട്രോൾ പാനൽ സോഫ്റ്റ്വെയറായി സിപാനൽ (cPanel) ആണ് ഉപയോഗിക്കുന്നതെങ്കിൽ അതിൽ അടിസ്ഥാനപരമായി കാണുന്ന മെയിൽ ക്ലൈന്റ് (mail client) പലപ്പോഴും റൗണ്ട്ക്യൂബായിരിക്കും (Roundcube). അതിൽ എങ്ങനെയാണ് ഒരു എച്ച്.ടി.എം.എൽ. സിഗ്നേച്ചർ ക്രമീകരിക്കുന്നതെന്നാണ് ഈ ട്യൂട്ടോറിയലിലൂടെ വിശദമാക്കാൻ പോകുന്നത്.
- ആദ്യം നിങ്ങളുടെ റൗണ്ട്ക്യൂബ് വെബ്മെയിലിൽ ലോഗിൻ ചെയ്യുക.
- Settings-ൽ നിന്ന് Identities തിരഞ്ഞെടുക്കുക.
- തുടർന്ന് ഡിഫോൾട്ടായിട്ടുള്ള ഒരു ഐഡെന്റിറ്റി നിങ്ങൾക്കവിടെ കാണാൻ സാധിക്കും. അത് തിരഞ്ഞെടുക്കാം. അല്ലെങ്കിൽ Create ബട്ടണിൽ ക്ലിക്ക് ചെയ്ത് പുതിയതൊരെണ്ണം സൃഷ്ടിക്കാം. ഒന്നിലധികം പേർ നിങ്ങളുടെ മെയിൽ വിലാസം ഉപയോഗിക്കുന്നുണ്ടെങ്കിൽ അവർക്കെല്ലാം വെവ്വേറെ സിഗ്നേച്ചറുകളുണ്ടാക്കാൻ ഈ സംവിധാനമുപയോഗിക്കാം. പുതിയതായി സൃഷ്ടിച്ച ഐഡെന്റിറ്റി ഡിഫോൾട്ടാക്കി മാറ്റാൻ Set default എന്ന ടോഗിൾ സ്വിച്ചിൽ ക്ലിക്ക് ചെയ്യാൻ മറക്കരുത്.
- ഇനി സിഗ്നേച്ചറിന്റെ താഴെയായി കാണുന്ന ഇമേജ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇത് ചെയ്താൽ മാത്രമേ എച്ച്.ടി.എം.എൽ. സിഗ്നേച്ചർ സൃഷ്ടിക്കാൻ സാധിക്കൂ. പ്ലെയിൻ ടെക്സ്റ്റായിട്ടുള്ള സിഗ്നേച്ചർ മതിയെങ്കിൽ ഇത് ചെയ്യേണ്ട ആവശ്യമില്ല.
- തുടർന്ന് ലഭിക്കുന്ന ഓപ്ഷനുകൾ ഉപയോഗപ്പെടുത്തി നിങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ സിഗ്നേച്ചർ ക്രമീകരിച്ച് Save ചെയ്യുക. ചിത്രങ്ങളും, കണ്ണികളും ചേർക്കാം, ഇഷ്ടപ്പെട്ട ഫോണ്ട് ഉപയോഗിക്കാം…
- സേവ് ചെയ്തതിനു ശേഷം, Settings → Preferences → Composing Messages തിരഞ്ഞെടുക്കുക.
- അതിൽ Compose HTML messages-ൽ never എന്നായിരിക്കും കിടക്കുന്നത്. അത് മാറ്റി, always എന്നാക്കുക. ശേഷം Save ചെയ്യുക. ഇങ്ങനെ ചെയ്താൽ മാത്രമേ നിങ്ങൾ ഇമെയിലയക്കുമ്പോൾ എച്ച്.ടി.എം.എൽ. സിഗ്നേച്ചർ വരികയുള്ളൂ.
ഇത്രയും ചെയ്താൽ, റൗണ്ട്ക്യൂബിൽ എച്ച്.ടി.എം.എൽ. സിഗ്നേച്ചർ റെഡി!
നിങ്ങൾ ഇമെയിലിൽ എച്ച്.ടി.എം.എൽ. സിഗ്നേച്ചർ ഉപയോഗിക്കാറുണ്ടോ? താഴെ കമന്റ് ചെയ്യൂ.