Github platform screenshot

എന്താണ് ഗിറ്റ്ഹബ്ബ്? നിങ്ങൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യങ്ങൾ!

കമ്പ്യൂട്ടറിൽ വിവിധ സോഫ്റ്റ്‌വെയറുകൾ അല്ലെങ്കിൽ അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവർ ഒരു വട്ടമെങ്കിലും കേട്ടിരിക്കാൻ സാധ്യതയുള്ള ഒരു പേരാണ് ഗിറ്റ്ഹബ്ബ് (GitHub). ചിലപ്പോൾ നിങ്ങൾക്കാവശ്യമുള്ള സോഫ്റ്റ്‌വെയർ, പ്രത്യേകിച്ച് അതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണെങ്കിൽ, ഡൗൺലോഡ് ചെയ്യേണ്ടി വരുന്നത് ഗിറ്റ്‌ഹബ്ബിൽ നിന്നായിരിക്കാം. ഈ ലേഖനത്തിലൂടെ എന്താണ് ഗിറ്റ്ഹബ്ബെന്നും അതിന്റെ ഉപയോഗങ്ങളും ബന്ധപ്പെട്ട ചില പദങ്ങളും വിശദമാക്കാൻ ശ്രമിക്കുകയാണ്.

ഗിറ്റ്ഹബ്ബ്?

“ഗിറ്റ്ഹബ്ബെന്നാൽ ഡെവലപ്പർമാരുടെ ഫേസ്ബുക്കാണ്” എന്ന് ചിലരൊക്കെ പറയാറുണ്ട്. ഒരു സോഫ്റ്റ്‌വെയർ എന്നാൽ പ്രോഗ്രാമിങ് ഭാഷയിലെ അനേകം കോഡുകളാൽ എഴുതപ്പെട്ടതാണെന്ന് നിങ്ങൾക്കറിയാമല്ലോ. ലളിതമായി പറഞ്ഞാൽ അത്തരം സോഫ്റ്റ്‌വെയർ അല്ലെങ്കിൽ അപ്ലിക്കേഷനുകളുടെ കോഡ് (source code) ശേഖരിച്ച് സൂക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള ഒരു ഹോസ്റ്റിങ് സേവനമാണ് ഗിറ്റ്ഹബ്ബ്. സ്വതന്ത്രമായി ഉപയോഗിക്കാവുന്ന അഥവാ ഓപ്പൺ സോഴ്സ് (open source) സോഫ്റ്റ്‌വെയറുകളുടെ സോഴ്സ് കോഡ് പരസ്യപ്പെടുത്തുന്നതിനാണ് ഗിറ്റ്ഹബ്ബ് പ്രധാനമായും ഉപയോഗിക്കുന്നത്. നിലവിൽ ലോകത്തിൽ ഏറ്റവുമധികം സോഴ്സ് കോഡ് ശേഖരം ഗിറ്റ്ഹബ്ബിലാണുള്ളത്.

ഇനി ഗിറ്റ്ഹബ്ബുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില പദങ്ങളെക്കുറിച്ച് മനസ്സിലാക്കാം.

ഗിറ്റ് (Git)

ഒരു കൂട്ടം ഫയലുകളിൽ വരുന്ന മാറ്റങ്ങളെ പിന്തുടരാനും കൈകാര്യം ചെയ്യാനുമുള്ള ഒരു സോഫ്റ്റ്‌വെയർ സംവിധാനമാണ് ഗിറ്റ്. വിതരണം ചെയ്യപ്പെട്ട പതിപ്പ് നിയന്ത്രണവ്യവസ്ഥ (distributed version control system) എന്നാണ് ഇത്തരം സംവിധാനങ്ങളെ പൊതുവേ പറയുക. ഒരുപാട് ഡെവലപ്പർമാർ ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ കമ്പനിയെ ഉദാഹരണമായി എടുക്കുക. അവർ എല്ലാവരും ഒരു പുതിയ സോഫ്റ്റ്‌വെയർ വികസനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നിരിക്കട്ടെ. വിവിധ ഡെവലപ്പർമാർ എഴുതുന്ന കോഡുകൾ ഒരു സ്ഥലത്ത് സൂക്ഷിക്കുന്നതിന് പകരം അത് എല്ലാവർക്കുമായി ലഭ്യമാക്കുന്നു. ആരെങ്കിലും ഒരാൾ കോഡിൽ വരുത്തുന്ന ഏത് മാറ്റവും അതിന്റെ ചരിത്രവും മറ്റുള്ളവർക്കും കാണാനും ഉപയോഗിക്കാനും നിർദ്ദേശങ്ങൾ നൽകാനും പറ്റും. സോഫ്റ്റ്‌വെയർ നിർമ്മാണം വേഗത്തിലും കാര്യക്ഷമമായും നടത്താൻ കമ്പനിക്ക് ഇതുവഴി സാധിക്കുന്നു. ലിനസ് ടോർവാൾഡ്സ് (Linus Torvalds) എന്ന ഫിന്നിഷ്-അമേരിക്കാൻ ഡെവലപ്പറാണ് 2005-ൽ ഗിറ്റ് എന്ന ഈ സ്വതന്ത്ര സോഫ്റ്റ്‌വെയർ നിർമ്മിച്ചത്. ഗിറ്റ്ഹബ്ബിന് ആ പേര് വരാനുള്ള കാരണം ഇപ്പൊൾ നിങ്ങൾക്ക് മനസ്സിലായെന്ന് കരുതുന്നു.

റിപ്പോസിറ്ററി (Repository)

ഒരു സോഫ്റ്റ്‌വെയർ പ്രൊജക്റ്റിന്റെ ഫയലുകളും അവയുടെ പുനരവലോകനചരിത്രവും സൂക്ഷിക്കുന്ന സ്ഥലത്തെയാണ് റിപ്പോസിറ്ററി എന്ന് പറയുന്നത്. റിപ്പോ (repo) എന്ന ചുരുക്കപേരിലും ഗിറ്റ് റിപ്പോസിറ്ററി (git repository) എന്നും ഇതറിയപ്പെടുന്നു. നമ്മൾ കമ്പ്യൂട്ടറിൽ ഫയലുകൾ ഫോൾഡറുകളാക്കി സൂക്ഷിക്കാറില്ലേ? ഒരു പ്രധാന ഫോൾഡറിന്റെ ഉള്ളിൽ മറ്റു ഫോൾഡറുകളും ഉണ്ടാവാം. അതുപോലെ റിപ്പോസിറ്ററിയിലും ഫയലുകൾ വിന്യസിക്കാം.

github repo example
സ്വതന്ത്ര ലൈസൻസുള്ള ഒരു ഫോണ്ടിന്റെ റിപ്പോസിറ്ററി

ഗിറ്റ്ഹബ്ബിൽ റിപ്പോസിറ്ററി രണ്ട് വിധത്തിലുണ്ട്. പ്രൈവറ്റ് റിപ്പോസിറ്ററിയും പബ്ലിക് റിപ്പോസിറ്ററിയും. നിങ്ങളുടെ റിപ്പോസിറ്ററി ആർക്കൊക്കെ കാണാമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം. പൊതുവായി ലഭ്യമാക്കാം അല്ലെങ്കിൽ നിങ്ങൾക്കും നിങ്ങൾ പങ്കുവെയ്ക്കുന്ന ആളുകൾക്കും മാത്രമായി ലഭ്യമാക്കാം.

കമ്മിറ്റ് (Commit)

ഒരു റിപ്പോസിറ്ററിയിലെ ഏതെങ്കിലും ഒരു ഫയലിൽ വരുന്ന മാറ്റത്തെ ഗിറ്റ്ഹബ്ബ് ഒരു പ്രത്യേക ഐഡിയോടു കൂടി റെക്കോഡ് ചെയ്യുന്നതിനെയാണ് കമ്മിറ്റ് എന്ന് പറയുന്നത്. ഒരു ഫയലിൽ വരുന്ന വരുന്ന ഏത് മാറ്റവും റെക്കോഡ് ചെയ്യുന്നുവെന്നതിനാൽ മാറ്റങ്ങളുടെ വിശദമായ ഒരു ചരിത്രം തന്നെ ലഭിക്കുന്നു.

ബ്രാഞ്ച് (Branch)

ഒരു മരത്തിന് ചില്ലകൾ എങ്ങനെയാണോ അതുപോലെയാണ് ഗിറ്റ്ഹബ്ബിൽ ഒരു റിപ്പോയ്ക്കുള്ള ബ്രാഞ്ചുകളും. എല്ലാ റിപ്പോകൾക്കും ഒരു പ്രധാന ബ്രാഞ്ചുണ്ടാകും, main എന്ന പേരിൽ. റിപ്പോയുടെ ഒപ്പം നിർമ്മിക്കപ്പെടുന്നവയാണിവ. നിങ്ങളുടെ പ്രൊജക്റ്റിന്റെ ഏതെങ്കിലും ഒരു പ്രത്യേക മേഖലയ്ക്ക് ഊന്നൽ കൊടുത്ത് പ്രവർത്തിക്കുക ആവശ്യമാണെങ്കിലോ, ഒരു പുതിയ ആശയം പരീക്ഷിക്കുന്നതിനോ, പിഴവുകൾ പരിഹരിക്കുന്നതിനോ എന്നിങ്ങനെ എന്താവശ്യങ്ങൾക്കും പ്രധാനബ്രാഞ്ചിൽ നിന്നും ഒരു ബ്രാഞ്ച് സൃഷ്ടിച്ചുകൊണ്ട് അത് ചെയ്യാവുന്നതാണ്. ഒരു ബ്രാഞ്ച് സൃഷ്ടിക്കുമ്പോൾ അത് സൃഷ്ടിക്കാനുപയോഗിച്ച ബ്രാഞ്ചിന്റെ ഒരു പകർപ്പാണ് സൃഷ്ടിക്കപ്പെടുക. ഒരു ബ്രാഞ്ചിൽ നിന്ന് മാത്രമേ മറ്റൊരു ബ്രാഞ്ച് സൃഷ്ടിക്കാനാകൂ. ഒരു ബ്രാഞ്ചിൽ നിങ്ങൾ ചെയ്ത കാര്യങ്ങൾ പ്രധാന ബ്രാഞ്ചിലേക്ക് ലയിപ്പിക്കാൻ ഒരു പുൾ റിക്വസ്റ്റ് തുറക്കണം.

പുൾ റിക്വസ്റ്റ് (Pull Request)

ഒരു റിപ്പോയിലേക്ക് മാറ്റങ്ങൾ ശുപാർശ ചെയ്യാനും സഹകരിക്കാനും ഉപയോഗിക്കുന്ന സംവിധാനമാണ് പുൾ റിക്വസ്റ്റ്. ഒരു ബ്രാഞ്ചിൽ നിങ്ങൾ വരുത്തുന്ന മാറ്റങ്ങൾ മറ്റൊരു ബ്രാഞ്ചിലേക്ക് ലയിപ്പിക്കാൻ പുൾ റിക്വസ്റ്റ് തുറക്കേണ്ടതുണ്ട്. റിപ്പോയിലെ മറ്റ് ഉപയോക്താക്കൾക്ക് ഈ പുൾ റിക്വസ്റ്റ് നിരാകരിക്കാനോ അംഗീകരിക്കാനോ സാധിക്കും.

ഫോർക്ക് (Fork)

ഒരു റിപ്പോസിറ്ററിയെ നിങ്ങളുടെ അക്കൗണ്ടിലേക്ക് അതേപടി പകർത്തുന്നതിനെയാണ് ഫോർക്കിങ് എന്ന് പറയുന്നത്. ഉദാഹരണത്തിന് ജോൺ എന്ന ഉപയോക്താവിന് ഒരു ഓപ്പൺ സോഴ്സ് ആപ്പിന്റെ ഒരു റിപ്പോ ഉണ്ടെന്നിരിക്കട്ടെ. നിങ്ങൾക്ക് ആ ആപ്പ് ഇഷ്ടപ്പെട്ടു, എന്നാലതിൽ കുറേ കൂടി പുതിയ ഫീച്ചറുകൾ കൊണ്ടുവരണമെന്നുണ്ട്. അതെങ്ങനെയാണ് ചെയ്യേണ്ടതെന്നും നിങ്ങൾക്കും അറിയാം. ഇവിടെയാണ് നിങ്ങൾക്ക് ഫോർക്കിങ് ഗുണകരമാവുക. ആ റിപ്പോസിറ്ററി ഫോർക്ക് ചെയ്യുമ്പോൾ അതിന്റെ ഒരു റിപ്പോ പകർപ്പ് നിങ്ങളുടെ അക്കൗണ്ടിൽ സൃഷ്ടിക്കപ്പെടുന്നു. ഇതിൽ നിങ്ങൾക്ക് മാറ്റങ്ങൾ വരുത്താം. താത്പര്യമെങ്കിൽ മാറ്റങ്ങൾ വരുത്തിയ ശേഷം യഥാർത്ഥ റിപ്പോയിലേക്ക് ലയിപ്പിക്കാനായി പുൾ റിക്വസ്റ്റ് തുറക്കാം.

ക്ലോൺ (Clone)

ഒരു റിപ്പോ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് പകർത്തുന്നതിനെയാണ് ക്ലോണിങ് എന്ന് വിളിക്കുന്നത്. ഈ ക്ലോണിൽ നിങ്ങൾ വരുത്തുന്ന മാറ്റങ്ങൾ github.com-ലുള്ള റിപ്പോയുമായി സിങ്ക് ചെയ്യാൻ പറ്റും. ഫയലുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനും ഉപയോക്താവിന് ഓഫ്‌ലൈനിൽ പ്രവർത്തിക്കാനുമാണ് സാധാരണഗതിയിൽ ക്ലോൺ ഉപയോഗിക്കുന്നത്.

ഇഷ്യൂസ് (Issues)

റിപ്പോയിൽ ഒരു മാറ്റം നിർദ്ദേശിക്കാനും പിഴവുകൾ പരിഹരിക്കുന്നത് ട്രാക്ക് ചെയ്യാനുമാനുമാണ് ഗിറ്റ്ഹബ്ബ് ഇഷ്യൂസ് ഉപയോഗിക്കുന്നത്. ഒരു പ്രൊജക്റ്റിൽ സഹകരിച്ച് പ്രവർത്തിക്കുന്നവർക്ക് വിവിധ ചുമതലകൾ നൽകാനും ചെയ്യേണ്ട കാര്യങ്ങളെ ക്രോഡീകരിക്കാനും ഇഷ്യൂസ് ഉപയോഗിക്കാം.

ജിസ്റ്റ് (Gist)

ടെക്സ്റ്റുകൾ മാത്രം സൂക്ഷിക്കാനുള്ള പേസ്റ്റ്ബിൻ എന്ന പ്രശസ്ത വെബ്സൈറ്റിനെപ്പറ്റി നിങ്ങൾ ഒരു പക്ഷേ കേട്ടിട്ടുണ്ടാവും. ഇതുപോലെ കോഡ് ശകലങ്ങൾ (code snippets) സൂക്ഷിക്കാനുള്ള ഒരു ഓൺലൈൻ സ്റ്റോറേജാണ് ഗിറ്റ്ഹബ്ബിന്റെ ജിസ്റ്റ്. 2018 വരെ ഗിറ്റ്ഹബ്ബിൽ രജിസ്റ്റർ ചെയ്യാത്തവർക്കും ജിസ്റ്റ് ഉപയോഗിക്കാൻ സാധിച്ചിരിക്കുന്നു. നിലവിൽ, സ്പാമ്മിങ് ഒഴിവാക്കാനായി, ഗിറ്റ്ഹബ്ബ് അക്കൗണ്ട് ഉള്ളവർക്ക് മാത്രമേ ജിസ്റ്റ് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. നിങ്ങൾ നിർമ്മിക്കുന്ന ജിസ്റ്റുകൾ പൊതുവായി ലഭ്യമാക്കണോ (public gist) സ്വകാര്യമാക്കണോ (secret gist) എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.

ഗിറ്റ്ഹബ്ബ് പേജസ് (GitHub Pages)

സ്റ്റാറ്റിക് വെബ്പേജുകൾ സൗജന്യമായി ഹോസ്റ്റ് ചെയ്യാനായി ഗിറ്റ്ഹബ്ബ് നൽകുന്ന സേവനമാണ് ഗിറ്റ്ഹബ്ബ് പേജസ്. വെബ്പേജിന്റെ ഫയലുകൾ ഒരു റിപ്പോസിറ്ററിയിലാക്കിയാണ് ഹോസ്റ്റിങിന് തയ്യാറാക്കുന്നത്. ഗിറ്റ്ഹബ്ബ് പേജസ് ഉപയോഗിച്ച് ഒരു വെബ്സൈറ്റ് സൗജന്യമായി ഹോസ്റ്റ് ചെയ്യുന്നത് എങ്ങനെയെന്നും അതിന്റെ പ്രത്യേകതകളെയും പരിമിതികളെയും പറ്റി ഈ ട്യൂട്ടോറിയൽ വായിച്ച് മനസ്സിലാക്കാവുന്നതാണ്.

ഗിറ്റ്ഹബ്ബിന്റെ ഉപയോഗങ്ങളും സവിശേഷതകളും

സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കും എഞ്ചിനീയർമാർക്കും സൗജന്യമായി റിപ്പോസിറ്ററികൾ തയ്യാറാക്കി ഓൺലൈനായും ഓഫ്‌ലൈനായും സൂക്ഷിക്കാൻ ഗിറ്റ്ഹബ്ബ് സഹായിക്കുന്നു. ഓഫ്‌ലൈനിൽ വരുത്തുന്ന മാറ്റങ്ങൾ ക്ലൗഡിലേക്കും തിരിച്ചും ഒരേപോലെ (sync) നിലനിർത്താൻ പറ്റുന്നു. ഇനി ഗിറ്റ്ഹബ്ബിന്റെ ചില സവിശേഷതകൾ നോക്കാം.

കൂട്ടായ പ്രവർത്തനത്തിനുള്ള സാധ്യത

ഒരു പ്രൊജക്റ്റിൽ അല്ലെങ്കിൽ റിപ്പോയിൽ കൂട്ടായി പ്രവർത്തിക്കാൻ എത്ര പങ്കാളികളെ വേണമെങ്കിലും ഉൾപ്പെടുത്താൻ പറ്റും. ഓരോരുത്തർക്കും ഒരു പ്രൊജക്റ്റിന്റെ പ്രത്യേകം പ്രത്യേകം ബ്രാഞ്ചുകളിൽ, ലോകത്തിൽ എവിടെയിരുന്നും ഏത് ഡിവൈസിലും, പ്രവർത്തിക്കാനും ഗിറ്റ്ഹബ്ബ് സൗകര്യമൊരുക്കുന്നു. എന്തെങ്കിലും പ്രശ്നങ്ങളോ പിഴവുകളോ (bugs) കണ്ടാൽ അത് അറിയിക്കാനും പരിഹരിക്കാനും സാധിക്കുന്നു.

സുഗമമായ ഫയൽ നിയന്ത്രണം

ഒരാൾ തന്റെ ബ്രാഞ്ചിലെ കോഡിൽ വരുത്തുന്ന മാറ്റങ്ങൾ അവലോകനം ചെയ്ത് അത് പ്രധാന കോഡുമായി ലയിപ്പിക്കാനും നിയന്ത്രിക്കാനും സാധിക്കും. ഓരോ മാറ്റത്തിന്റെയും വിശദമായ ചരിത്രവും ലഭ്യമാണ്.

കോഡ് സുരക്ഷിതത്വം

പ്രൊജക്റ്റിലെ കോഡിൽ എന്തെങ്കിലും സുരക്ഷസംബന്ധമായ പ്രശ്നങ്ങൾ അഥവാ വൾനറബിലിറ്റികളുണ്ടെങ്കിൽ (vulnerability) ഗിറ്റ്ഹബ്ബ് അത് കാണിച്ചുതരുന്നു. ഇത് സുരക്ഷാപ്രശ്നങ്ങൾ എളുപ്പത്തിലും കാര്യക്ഷമമായും പരിഹരിക്കാൻ ഡെവലപ്പർമാരെ സഹായിക്കുന്നു.

പോർട്ട്ഫോളിയോ

ഡെവലപ്പർ, കോഡർ, പ്രോഗ്രാമ്മർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നവർക്ക് പോർട്ട്ഫോളിയോ ആയി നൽകാൻ ഗിറ്റ്ഹബ്ബിനേക്കാൾ മികച്ചൊരു ഓപ്ഷനില്ലെന്ന് തന്നെ പറയാം. ഗിറ്റ്ഹബ്ബിൽ ഒരു ഉപയോക്താവ് നിർമ്മിച്ച റിപ്പോസിറ്ററികളും, നടത്തിയ സംഭാവനകളും എന്നുവേണ്ട സകല പ്രവർത്തനങ്ങളും ഭംഗിയുള്ള ഗ്രാഫുകളായി തിയ്യതി സഹിതം കാണാനാകും.

കോഡിങ് അറിയാത്തവർക്ക് ഗിറ്റ്ഹബ്ബ് കൊണ്ട് ഉപകാരമുണ്ടോ?

ഒരുപാട് പേർക്ക് ഉള്ളൊരു സംശയമാണിത്. ഗിറ്റ്ഹബ്ബ് പ്രധാനമായും ഡെവലപ്പർമാരാണ് ഉപയോഗിക്കുന്നത് എന്നതിനർത്ഥം കോഡിങൊന്നും അറിയാത്തവർക്ക് അതുകൊണ്ട് ഗുണമൊന്നുമില്ല എന്നല്ല. ആർക്കും തങ്ങൾക്കുതകുന്ന രീതിയിൽ ഗിറ്റ്ഹബ്ബിന്റെ സൗജന്യ സേവനങ്ങൾ ഉപയോഗപ്പെടുത്താം.

നോവലെഴുത്ത് മുതൽ കല്യാണത്തിനുള്ള ക്ഷണക്കത്ത് വരെ!

ഞെട്ടേണ്ട! സംഗതി സത്യമാണ്. ഗിറ്റ്ഹബ്ബ് ഇതുപോലെ വിചിത്രമായി ഉപയോഗപ്പെടുത്തിയതിനുള്ള ഉദാഹരണങ്ങൾ നിരവധിയുണ്ട്. ചില ഉപയോഗസാധ്യതകളും ഉദാഹരണങ്ങളും പറയാം.

  • പട്ടികകൾ – തങ്ങൾക്ക് അറിയാവുന്ന നല്ല സിനിമകൾ, പാട്ടുകൾ, സ്ഥലങ്ങൾ, പുസ്തകങ്ങൾ… എന്നിങ്ങനെ ഏത് വിഷയവുമായി ബന്ധപ്പെട്ട പട്ടികകൾ/ലിസ്റ്റുകൾ തയ്യാറാക്കി എല്ലാവർക്കുമായി പങ്കുവെയ്ക്കാൻ പങ്കുവെയ്ക്കാൻ ഗിറ്റ്ഹബ്ബ് ഉപയോഗിക്കുന്നവർ നിരവധിയാണ്. ചില ഉദാ: guipdutra/awesome-geek-podcasts, zcraber/freebies-hub
  • ഈബുക്കുകൾ – ഈബുക്കുകൾ സൗജന്യമായി പങ്കുവെയ്ക്കാൻ ഗിറ്റ്ഹബ്ബ് ഉപയോഗിക്കാം. ഇതിനായി പുസ്തകങ്ങൾ പിഡിഎഫ് ഫോർമാറ്റിലോ മാർക്ക്ഡൗൺ എന്ന മാർക്കപ്പ് ഭാഷയിലോ തയ്യാറാക്കാം. ഉദാ: EbookFoundation/free-programming-books, EbookFoundation/free-science-books
  • പാചകക്കുറിപ്പുകൾ – പാചകക്കുറിപ്പുകൾ അഥവാ റെസിപ്പികൾ എഴുതി മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ ഗിറ്റ്ഹബ്ബ് ഉപയോഗപ്പെടുത്താം. ഇതും മാർക്ക്ഡൗൺ ഭാഷയിൽ തയ്യാറാക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് ഫോർക്ക് ചെയ്യാനും മാറ്റങ്ങൾ വരുത്തി പുതിയ കുറിപ്പുകൾ തയ്യാറാക്കാനും സാധിക്കും. ഉദാ: jeffThompson/Recipes
  • ബ്ലോഗെഴുത്ത് / വെബ്സൈറ്റ് നിർമ്മാണം – ബ്ലോഗെഴുതാൻ ഗിറ്റ്ഹബ്ബ് ഉപയോഗിക്കുന്നവരുണ്ട്. ഗിറ്റ്ഹബ്ബ് പേജസും ജെക്കിൽ (Jekyll) അല്ലെങ്കിൽ ഹ്യൂഗോ (Hugo) പോലുള്ള ഏതെങ്കിലും സ്റ്റാറ്റിക് സൈറ്റ് ജനറേറ്ററും ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഉദാ: daattali/daattali.github.io, thundergolfer/thundergolfer.github.io
  • ഓപ്പൺസോഴ്സ് ഫോണ്ടുകൾ – സ്വതന്ത്രാനുമതിയുള്ള ഫോണ്ടുകൾ തയ്യാറാക്കുന്ന ഫൗണ്ട്രികൾ (foundry) അല്ലെങ്കിൽ ഡിസൈനർമാരിൽ ഭൂരിഭാഗവും അവയുടെ ഫയലുകൾ പങ്കുവെയ്ക്കാനും കാലാനുസൃതമായ പരിപാലനത്തിനും ഗിറ്റ്ഹബ്ബ് ഉപയോഗിക്കുന്നു. ഉദാ: smc/fonts, @theleagueof
  • നിയമസംബന്ധമായ രേഖകൾ – ആവശ്യമായ മാറ്റങ്ങൾ വരുത്തി പുനരുപയോഗിക്കാവുന്ന നിയമസംബന്ധമായ അഥവാ ലീഗൽ രേഖകൾ സ്വതന്ത്രാനുമതിയോടുകൂടി ഗിറ്റ്ഹബ്ബിൽ പല ലീഗൽ ഫെമുകളും പങ്കുവെയ്ക്കാറുണ്ട്. ഉദാ: ankane/awesome-legal
  • സംഗീതം – പാട്ടുകളുടെയും മറ്റും ഷീറ്റ് മ്യൂസിക് പങ്കുവെയ്ക്കാൻ ഗിറ്റ്ഹബ്ബ് ഉപയോഗിക്കാം. ഉദാ: MutopiaProject/MutopiaProject, CMAA/nova-organi-harmonia
  • എഴുത്ത് – സർഗ്ഗാത്മക എഴുത്തിനോ ഡയറിയായോ ഗിറ്റ്ഹബ്ബ് ഉപയോഗപ്പെടുത്താം. ജെ. ജെ. മെറേലോ (JJ Merelo) എന്ന ഡെവലപ്പർ ഗിറ്റ്ഹബ്ബ് ഉപയോഗിച്ച് “ഹോബർഗ്” (Hoborg) എന്ന സ്വതന്ത്രാനുമതിയുള്ള ശാസ്ത്രസാങ്കല്പിക നോവൽ എഴുതുകയുണ്ടായി.

  • ക്ഷണക്കത്ത് – ഇന്ത്യയിൽ നിന്നുള്ള സിസ്റ്റം എഞ്ചിനീയറായ ബബി റേയ്ബർ കേരളത്തിലും തമിഴ്നാട്ടിലുമായി നടത്താനിരിക്കുന്ന തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 1000-ത്തോളം വരുന്ന അതിഥികളെ ക്ഷണിക്കാനായി ഗിറ്റ്ഹബ്ബ് ഉപയോഗിച്ച കഥ 2013-ൽ Wired പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നുണ്ട്! ആ വിവാഹക്ഷണക്കത്ത് ഇവിടെ കാണാം.

നിങ്ങൾ ഗിറ്റ്ഹബ്ബ് ഉപയോഗിക്കുന്ന വ്യക്തിയാണോ? ആണെങ്കിൽ നിങ്ങൾ ഭാഗമായ പ്രൊജക്റ്റുകൾ ഏതൊക്കെയാണ്? താഴെ കമന്റ് ചെയ്യൂ.

കുറിപ്പ്: എന്റെ പ്രവർത്തനമേഖല ഗ്രാഫിക് ഡിസൈനിങാണ്. അതിനാൽ മേല്പറഞ്ഞ കാര്യങ്ങളിൽ ചിലപ്പോൾ തെറ്റുകളുണ്ടായേക്കാം. അവ ശ്രദ്ധയിൽപ്പെട്ടാൽ ചൂണ്ടിക്കാണിക്കുമല്ലോ.

 

5 2 votes
Article Rating
Subscribe
Notify of
guest

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Ansu Kurian
Ansu Kurian

വളരെ മികച്ച ഒരു ആർട്ടിക്കിൾ, ഗിറ്റ് ഹബിനെ പറ്റി നന്നായി മനസിലായി

ഉള്ളടക്കം

ടാഗുകൾ

2
0
Would love your thoughts, please comment.x
()
x