നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഗൂഗിൾ പേ (Google Pay), പേടിഎം (Paytm), ഫോൺപേ (PhonePe) എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത യുപിഐ ആപ്പുകളുണ്ട്. ഒരിക്കൽ യാത്രക്കിടെ, ഇന്റർനെറ്റ് ശരിക്ക് കിട്ടാത്ത ഒരു സ്ഥലത്ത് നിങ്ങൾ എത്തിപ്പെടുന്നു. അത്യാവശ്യമായി മറ്റൊരു സ്ഥലത്തുള്ളയാൾക്ക് കുറച്ച് പണം കൈമാറുകയും വേണം! എന്ത് ചെയ്യും?
ആറ് വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2016 ഏപ്രിൽ 11-ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പൊതുജനങ്ങൾക്കായി യുപിഐ (UPI) എന്ന നൂതന സേവനം ആരഭിച്ചപ്പോൾ ഇന്ത്യയിലെ പണമിടപാടുകളുടെ കാര്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു അത് കാരണമായി. കേവലം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഒരു ഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ പോലെ തോന്നിക്കുന്ന ഒരു ഐഡി (UPI ID) ഉപയോഗിച്ചുകൊണ്ട് യുപിഐ ആപ്പുകൾ വഴി തത്സമയം പണം കൈമാറാൻ സാധിക്കുക!
എന്നാൽ ഇന്റർനെറ്റും സ്മാർട്ട്ഫോണും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം പണമിടപാട് നടക്കുമായിരുന്നുള്ളൂ. അതിനൊരു പരിഹാരമായിട്ടാണ് ആർബിഐ (RBI) എൻപിസിഐയുമായി ചേർന്ന് 2022 മാർച്ച് 8-നു യുപിഐ 123പേ (UPI 123PAY) ലോഞ്ച് ചെയ്തത്. ഇന്റർനെറ്റും വേണ്ട, സ്മാർട്ട്ഫോണും വേണ്ട… വെറും സാധാരണ ഫീച്ചർ ഫോണിൽ വരെ പണമിടപാട് നടത്താം!
എങ്ങനെ യുപിഐ 123പേ സജ്ജമാക്കാം?
നിങ്ങളുടെ ഡെബിറ്റ് കാർഡ് ഇതിന് നിർബന്ധമാണ്. താഴെപ്പറയുന്ന ഘട്ടങ്ങളിലൂടെ യുപിഐ പ്രവർത്തനസജ്ജമാക്കാം. നിങ്ങൾക്ക് ഇതിനകം യുപിഐ ഐഡി ഉള്ള വ്യക്തിയാണെങ്കിൽ ഡെബിറ്റ് കാർഡ് വിവരങ്ങൾ ചോദിക്കാൻ സാധ്യതയില്ല. ഘട്ടം 4 വരെ ചെയ്ത ശേഷം യുപിഐ പിൻ സ്ഥിരീകരിച്ചാൽ മാത്രം മതിയാകും.
- 080 4516 3666, 080 4516 3581 & 6366 200 200 എന്നിങ്ങനെ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഐവിആർ (IVR) നമ്പറുകളിലൊന്നിലേക്ക് നിങ്ങളുടെ ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് വിളിക്കുക.
- ഭാഷ തിരഞ്ഞെടുക്കുക. നിലവിൽ ഇംഗ്ലീഷും ഹിന്ദിയും മാത്രമാണുള്ളത്. ഭാവിയിൽ മറ്റുഭാഷകൾ കൂടി ഉൾപ്പെടുത്തിയേക്കും.
- ഇപ്പോൾ നിങ്ങൾക്ക് 3-4 ഓപ്ഷനുകൾ ലഭിക്കും. പണമയക്കാൻ, ബാങ്ക് അക്കൗണ്ട് ബാലൻസറിയാൻ, റീചാർജ് ചെയ്യാൻ എന്നിങ്ങനെ. അവയിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുക.
- നിങ്ങൾ യുപിഐ സജ്ജമാക്കിയിട്ടില്ലാത്തതിനാൽ, അതിനായി രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടും. ആദ്യം ചോദിക്കുക നിങ്ങളുടെ ബാങ്കിന്റെ പേരാണ്. ബീപ് ശബ്ദത്തിന് ശേഷം അത് വ്യക്തമായി പറയുക.
- ബാങ്കിന്റെ പേരും അക്കൗണ്ട് നമ്പറും ഇങ്ങോട്ട് പറഞ്ഞുകൊണ്ട് അത് സ്ഥിരീകരിക്കാൻ സിസ്റ്റം ആവശ്യപ്പെടും. തുടർന്ന് യുപിഐ പിൻ (UPI PIN) സെറ്റ് ചെയ്യുന്നതിന്റെ ഭാഗമായി നിങ്ങളുടെ ഡെബിറ്റ് കാർഡിന്റെ അവസാനത്തെ 6 അക്കങ്ങളും എക്സ്പൈറി തിയ്യതിയും (expiry date) അമർത്താൻ ആവശ്യപ്പെടും.
- ശേഷം മൊബൈലിലേക്ക് വരുന്ന ഒടിപി കൊടുക്കുക.
- ആറ് അക്കങ്ങളുള്ള യുപിഐ പിൻ സെറ്റ് ചെയ്യുക.
- തുടർന്ന് നിങ്ങൾക്കായി mobilenumber.voice@paymentsprovider എന്ന ഫോർമാറ്റിൽ ഒരു യുപിഐ ഐഡി സൃഷ്ടിക്കപ്പെടും. ഉദാ. നിങ്ങളുടെ മൊബൈൽ നമ്പർ 0000000000 ആണെന്നിരിക്കട്ടെ. യുപിഐ സേവനം നൽകുന്നത് IDFC ബാങ്കും, അങ്ങനെയാണെങ്കിൽ നിങ്ങളുടെ യുപിഐ 123പേ ഐഡി 0000000000.voice@idfcbank എന്നായിരിക്കും.
പണമിടപാട് നടത്താനുള്ള മാർഗ്ഗങ്ങൾ
യുപിഐ 123പേയിൽ പണമിടപാട് നടത്താൻ 4 മാർഗ്ഗങ്ങളാണുള്ളത്.
ഐവിആർ നമ്പർ
080 4516 3666, 080 4516 3581 & 6366 200 200 എന്നിങ്ങനെ 3 ഐവിആർ നമ്പറുകളാണ് നിലവിലുള്ളത്. ഇവയിൽ ഏതിലേക്കും ഉപഭോക്താവിന് വിളിച്ച് ഇടപാട് നടത്താം.
- ഐവിആർ നമ്പറിൽ വിളിച്ച് പണമിടപാടിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
- പണമയക്കേണ്ട ആളുടെ യുപിഐയുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈൽ നമ്പർ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ നൽകുക.
- തുടർന്ന് അയക്കേണ്ട തുക നൽകുക.
- സിസ്റ്റം പണം ലഭിക്കേണ്ട ഫോൺ നമ്പറുമായി ബന്ധപ്പെടുത്തിയിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇങ്ങോട്ട് പറഞ്ഞുകൊണ്ട് സ്ഥിരീകരിക്കാൻ ആവശ്യപ്പെടും.
- സ്ഥിരീകരിച്ച് കഴിയുമ്പോൾ നിങ്ങളുടെ യുപിഐ പിൻ ചേർക്കുക. ഇതോടെ ഇടപാട് നടക്കുന്നു, എസ്.എം.എസ്. ലഭിക്കുന്നു.
മിസ്ഡ് കോൾ
മിസ്ഡ് കോൾ വഴിയും പണമിടപാടുകൾ നടത്താൻ സംവിധാനമുണ്ട്. ഉപഭോക്താവിന്റെ ഫോൺ നമ്പറും ബിൽ തുകയും ചേർത്ത് കടയുടമ ഒരു ടോക്കൺ സൃഷ്ടിക്കും.
- ഉപഭോക്താവിന്റെ ഫോൺ നമ്പറും ബിൽ തുകയും ചേർത്ത് കടയുടമ ഒരു ടോക്കൺ സൃഷ്ടിക്കും.
- കടയിൽ പ്രദർശിപ്പിച്ചിട്ടുള്ള നമ്പറിലേക്ക് ഉപഭോക്താവ് മിസ്ഡ് കോൾ നൽകുക.
- ഉപഭോക്താവിന് ഉടൻ തന്നെ 08071 800 800 എന്ന നമ്പറിൽ നിന്നും കോൾ ലഭിക്കുന്നു.
- തുടർന്ന് യുപിഐ പിൻ എന്റർ ചെയ്യുന്നതോടെ ഇടപാട് പൂർത്തിയാകുന്നു.
ആപ്പ്
ഇത് നിലവിൽ പ്രവർത്തനസജ്ജമായിട്ടില്ല. ആപ്പുകൾ പിന്തുണയ്ക്കുന്ന ഫീച്ചർ ഫോണുകളിൽ യുപിഐക്കുവേണ്ടി പ്രത്യേക ആപ്പ് സജ്ജീകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ക്യുആർ കോഡ് (QR Code) സ്കാൻ ചെയ്ത് പണമയക്കുന്നത് ഒഴികെയുള്ള സേവനങ്ങളെല്ലാം ഇതിൽ ലഭിക്കും. എയർടെൽ പേമെന്റ്സ് ബാങ്കുമായി (Airtel Payments Bank) സഹകരിച്ച് ഗുപ്ഷുപ് (Gupshup) ഡെവലപ്പ് ചെയ്ത ഇത്തരമൊരു ആപ്പാണ് ഡിജിറ്റൽ സൊലൂഷൻ (Digital Solution).
ശബ്ദതരംഗങ്ങൾ
സമ്പർക്കരഹിതമായി ശബ്ദതരംഗം ഉപയോഗിച്ച് വിവരകൈമാറ്റം വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. എൻ.എസ്.ഡി.എൽ. പേമെന്റ്സുമായി സഹകരിച്ച് ടോൺറ്റാഗാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
- ഉപഭോക്താവ് ഐവിആർ നമ്പറിൽ വിളിക്കുന്നു.
- കടകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള ഉപകരണത്തിൽ ഉപഭോക്താവ് തന്റെ ഫോൺ ടാപ് ചെയ്യുന്നു.
- ഉപകരണം ബീപ് ശബ്ദം പുറപ്പെടുവിച്ച് കഴിഞ്ഞാൽ ഫോണിൽ # അമർത്തുക.
- തുടർന്ന് തുക ചേർക്കുക.
- യുപിഐ പിൻ ചേർക്കുന്നതോടെ തുക കടയുടമയ്ക്ക് ലഭിക്കുന്നു.
സംശയങ്ങൾക്കും സഹായങ്ങൾക്കും ആരെ ബന്ധപ്പെടണം?
യുപിഐ 123പേയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഡിജിസാഥിയുടെ 18008913333, 14431 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം അല്ലെങ്കിൽ digisaathi.info എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ട്വിറ്റർ വഴിയാണെങ്കിൽ @UPI_NPCI എന്ന ഹാൻഡിലിൽ ബന്ധപ്പെടാം.
വളരെ ഉപകാരപെട്ടു