ഡിജിറ്റൽ മലയാളി
സാധാരണക്കാരായവർക്കും ഉപകാരപ്രദമാകുന്ന ടെക് ലേഖനങ്ങൾ, ട്യൂട്ടോറിയൽ, ടിപ്സ്, വാർത്തകൾ എന്നിവ മലയാളത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു ബ്ലോഗാണ് ഡിജിറ്റൽ മലയാളി.
മലയാളി ഡിജിറ്റലാകാൻ മലയാളികൾ മലയാളികൾക്ക് വേണ്ടി തുടങ്ങിയ മലയാളം ബ്ലോഗാണ് ഡിജിറ്റൽ മലയാളി – ഈയൊരു ടാഗ്ലൈനാണ് ഞങ്ങൾ ഈ ബ്ലോഗിന് അനുയോജ്യമായി തിരഞ്ഞെടുത്തത്.
ഈ ബ്ലോഗിന്റെ തുടക്കം എന്ന് പറയുന്നത്, പ്രത്യേകിച്ചൊന്നും പറയാൻ ഇല്ല എന്നതാണ് സത്യം.
ഞങ്ങൾ 2 മൾട്ടിമീഡിയ ബിരുദധാരികൾ തുടങ്ങിയ ഒരു ചെറിയ വെബ്സൈറ്റ് എന്ന് വേണമെങ്കിൽ പറയാം.
ഇന്റർനെറ്റിൽ ഒരുപാടു സർഫിങ് നടത്താൻ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ. ചില വെബ്സൈറ്റുകൾ ഞങ്ങളുടെ നിത്യജീവിതത്തിലും ജോലിസംബന്ധമായ ആവശ്യങ്ങൾക്കും ഒരുപാട് ഉപകാരപെട്ടിട്ടുണ്ട്. ഇങ്ങനെ കിട്ടുന്ന വെബ്സൈറ്റുകൾ ഞങ്ങൾ എവിടെയെങ്കിലും ബുക്ക്മാർക്ക് ചെയ്ത് വെക്കാറാണ് പതിവ്. ചില ആളുകൾ ഞങ്ങളുടെ അടുക്കൽ ഒരു ആവശ്യം അല്ലെങ്കിൽ സംശയം ചോദിക്കുമ്പോൾ നേരത്തെ ബുക്ക്മാർക്ക് ചെയ്തുവെച്ച വെബ്സൈറ്റ് ഞങ്ങൾ അയച്ചുകൊടുക്കും. ചിലർക്ക് അത് വളരെയധികം ഉപകാരപ്രദമായെന്നു പറയാറുണ്ട്.
ഇങ്ങനെ പറഞ്ഞു കൊടുക്കുന്നതിലും നല്ലത് ഒരു ഇൻസ്റ്റാഗ്രാം പേജ് നിർമ്മിച്ച് അതിൽ വെബ്സൈറ്റുകളുടെ പേരും അതിന്റെ സവിശേഷതകളും പോസ്റ്റ് ചെയ്താൽ നല്ലതാകും എന്ന് കരുതി ഒരു ഇൻസ്റ്റാഗ്രാം പേജ് തുടങ്ങി. തുടങ്ങുമ്പോൾ ഒരു പേര് വേണമല്ലോ? അപ്പോൾ മലയാളികൾക്ക് മാത്രമായി തുടങ്ങുന്ന പേജ് ആണല്ലോ എന്ന് കരുതി
ഡിജിറ്റൽ മലയാളി എന്ന് സെർച്ച് ചെയ്ത് നോക്കി. അങ്ങനെ ഒരു ഇൻസ്റ്റഗ്രാം യൂസർ നെയിം എടുത്തുകൊണ്ട് പോസ്റ്റിങ്ങ് ആരംഭിച്ചു. ആദ്യത്തെ ഒരു മാസം കുറെ പോസ്റ്റുകൾ ഇട്ടു. പിന്നീട് ഇടുവാനുള്ള സമയം കിട്ടാതായി. കുറച്ച് നാളുകൾക്ക് ശേഷം ഈ ലിങ്കുകൾ എല്ലാം സജസ്റ്റ് ചെയ്യുന്ന ഒരു ബ്ലോഗ് തുടങ്ങിയാലോ എന്ന ആലോചനയുണ്ടായി. പിന്നെ ഒന്നും നോക്കിയില്ല ഗോ ഡാഡിയിൽ പോയി
www.digitalmalayali.in എന്ന് തിരഞ്ഞു നോക്കി, ദേ കടക്കുന്നു ആർക്കും വേണ്ടാതെ! അപ്പോൾ തന്നെ അതങ്ങ് വാങ്ങി. പിന്നെ കണ്ടന്റുകളുടെ പെരുമഴയിൽ ഡിജിറ്റൽ മലയാളി തുടർന്നുകൊണ്ട് പോകുന്നു.